വി.പ്രശോഭ്
മണ്ണാര്‍ക്കാട്: വയലുകളില്‍ ഇനി കുഞ്ചിയമ്മയും ജാനു വല്യമ്മയുടെയും കൊയ്ത്തുപാട്ടുകളില്ല. പകരം മുഴങ്ങുന്നത് ഉച്ചത്തിലുള്ള മൊബൈല്‍ ഗാനങ്ങള്‍. ഹിന്ദിഗാനത്തിന്റെ താളത്തില്‍ കറ്റകള്‍കെട്ടി ബംഗാളികള്‍ വ്യത്യസ്തമാകുകയാണ്. കാര്‍ഷികഗ്രാമമായ തെങ്കര തോടുകാട് പാടശേഖരത്തിലാണ് ഈ വേറിട്ട കാഴ്ച ദൃശ്യമാകുന്നത്. തദ്ദേശീയരായ തൊഴിലാകള്‍ക്കു ക്ഷാമം നേരിട്ടതോടെയാണ് വിളഞ്ഞുനില്ക്കുന്ന പാടശേഖരങ്ങള്‍ കൊയ്‌തെടുക്കാന്‍ ബംഗാളികള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്.
മണ്ണാര്‍ക്കാട് സ്വദേശിയായ ബഷീറാണ് നെല്ല് കൊയ്‌തെടുക്കുന്നതിനു ബംഗാളികളെ പരീക്ഷണം നടത്തിയത്. മറ്റു പണികള്‍ എന്നതുപോലെ കലാപരമായ രീതിയിലാണ് ബംഗാളില്‍ നെല്ല് കൊയ്‌തെടുത്തു കറ്റകളാക്കുന്നത്. മുന്‍കാലങ്ങളില്‍ കൊയ്ത്തുപാട്ടിന്റെ ഈണത്തിലായിരുന്നു ഇത്തരം ജോലികള്‍ നടന്നിരുന്നത്. നാട്ടിന്‍പുറത്തെ കൃഷിയിടങ്ങളിലും ബംഗാളി സാന്നിധ്യം ശക്തമാകുന്ന സൂചനയാണ് ഇതു കാണിക്കുന്നത്.രണ്ടേക്കറോളം വരുന്ന നെല്‍പ്പാടം ആറുപേര്‍ ചേര്‍ന്ന് രണ്ടുദിവസംകൊണ്ടാണ് കൊയ്‌തെടുത്തത്.
തെങ്കര മേഖലയില്‍ തൊഴിലുറപ്പു സജീവമായതിനെ തുടര്‍ന്ന് തൊഴിലാളിക്ഷാമം രൂക്ഷമാണ്. ചടുലതാളത്തിനൊപ്പം ബംഗാളികളുടെ കൊയ്ത്തു കാണാന്‍ നിരവധിപേരാണ് പാടത്തെത്തിയത്.നാട്ടിലെ തൊഴിലാളികള്‍ക്ക് കൂലി മൂന്നൂറാണെങ്കില്‍ ഇരട്ടി ജോലിചെയ്യുന്ന ഇവര്‍ക്ക് അഞ്ഞൂറു രൂപയാണ് കൂലി. തോടുകാട് പാടശേഖരസമിതിക്കു കീഴിലുള്ള കനാല്‍പാടത്താണ് ഇവര്‍ കൊയ്ത്തിന് ആദ്യമായി ഇറങ്ങിയത്.ഞാറുനടുമ്പോഴും വിതയ്ക്കുമ്പോഴും കൊയ്യുമ്പോഴുമുള്ള നാടന്‍പാട്ടുകളും നമുക്ക് അന്യമാകുന്ന സ്ഥിതിയാണ് ഇത്തരം കാഴ്ചകള്‍ ബോധ്യപ്പെടുത്തുന്നത്.