വടകര: നെല്ല് കൊയ്യാനും മെതിക്കാനും ബംഗാളികൾ. കടത്തനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന ആയഞ്ചേരിയിലെ മുണ്ടകൻ പാടത്താണ് നെല്ല് കൊയ്യാൻ ബംഗാളികൾ ഇറങ്ങിയത്. നോട്ട് പ്രതിസന്ധി കാരണം ഇതര സംസ്ഥാന തൊഴിലാളികൾക്കു മറ്റ് തൊഴിൽ കുറഞ്ഞതോടെ കൃഷിപ്പണിക്ക് ഇറങ്ങുകയായിരുന്നു. ആയഞ്ചേരി ടൗണിനടുത്തുള്ള വയലിൽ മൂന്ന് ബംഗാളികളാണ് പണി ചെയ്യുന്നത്. നാദിയ ജില്ലക്കാരനായ പങ്കജിന്റെ നേതൃത്വത്തിലാണ് കൊയ്ത്ത്. കൊയ്ത്തു കഴിഞ്ഞ് കറ്റ ഉടമയുടെ വീട്ടിലെത്തിക്കുകയും മെതിക്കുകയും വേണം.
കെട്ടിട നിർമാണ മേഖലയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നതെങ്കിൽ മണൽക്ഷാമവും നോട്ട് പ്രതിസന്ധിയും കാരണം തൊഴിൽ കുറഞ്ഞതോടെ കൃഷിപ്പണിക്ക് തയ്യാറാവുകയായിരുന്നു. 700 രൂപ വരെ കൂലി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 500 രൂപയായി. ഭക്ഷണം സ്വന്തം ചെലവിൽ കഴിക്കണം.
നാട്ടിൽ കൃഷിപ്പണി ചെയ്യാറുള്ള പരിചയത്തിലാണ് പാടത്തിറങ്ങിയതെന്നും ഇവിടെ ഉൽപാദനം കുറവാണെന്നും പങ്കജ് പറഞ്ഞു. നാട്ടിൽ ഇതിലും കൂടുതൽ വിളവ് ലഭിക്കാറുണ്ടെന്നും കൃഷിക്ക് വെള്ളം എത്തിക്കാൻ പദ്ധതിയുണ്ടെന്നും അയാൾ കൂട്ടിച്ചേത്തു. വയൽപണിക്ക് തൊഴിലാളികളെ കിട്ടാത്തതിനാൽ മിക്ക കർഷകരും കൃഷിപ്പണി ഉപേക്ഷിച്ചു. ചിലയിടങ്ങളിൽ യന്ത്രങ്ങളുടെ സഹായത്തോടെ കൃഷിയിറക്കുന്നുണ്ടെങ്കിലും പൂർണതോതിലായിട്ടില്ല.