ഇരിട്ടി: കഴിഞ്ഞ 12 വർഷമായി സ്നേഹഭവന്റെ അന്തേവാസിക്ക് ബംഗാളിലെ വീട്ടിലേക്കുള്ള തിരിച്ചുപോക്ക് അവിസ്മരണീയമാക്കി. 15 വർഷങ്ങൾക്ക് മുമ്പ് കാണാതായ ബംഗാൾ സ്വദേശി കൊങ്കയുടെ ബന്ധുക്കളെ കണ്ടെത്തിയതോടെയാണ് തിരികെ നാട്ടിലേക്ക് പോകുന്നതിന് കഴിഞ്ഞത്. 2012 ൽ ആണ് ഇരിട്ടിക്കടുത്ത് മാട്ടറയിൽ അലഞ്ഞുനടക്കുന്ന നിലയിൽ ജോൺസൻ കല്ലുകുളങ്ങര കൊങ്കയെ അറയങ്ങാട് സ്നേഹഭവനിൽ എത്തിച്ചത്.
2018 മുതൽ ചരൾ സ്നേഹഭവനിൽ ആയിരുന്ന കൊങ്കയുടെ താമസം. ബംഗാൾ സ്വദേശിയായ സുർജിത് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പരിശ്രമം വഴിയാണ് ബന്ധുക്കളെ കണ്ടെത്തിയത്.ബംഗുറാ ജില്ലയിലെ ഓണ്ടാ പോലീസ് സ്റ്റേഷൻ പരിധിയില ചാംട്ടിയ ആണ് കൊങ്കയുടെ സ്വന്ത ഗ്രാമം.
കഴിഞ്ഞ ദിവസമാണ് മകനും ബന്ധുവും കൊങ്കയെ തേടി നാട്ടിലെത്തിയത്. കൊങ്കയെ തിരിച്ചറിഞ്ഞതോടെ നിയമനടപടികൾ പൂർത്തിയാക്കി ബംഗാളിലേക്ക് മടങ്ങി. മരണപ്പെട്ടുവെന്ന് കരുതിയിരുന്ന ഭാര്യക്കും മക്കൾക്കും കൊങ്കയെ തിരിച്ച് ഏൽപിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി പറയുകയാണ് സ്നേഹഭവൻ സ്ഥാപകൻ ബ്രദർ എം.ജെ. സ്റ്റീഫനും ബ്രദർ സണ്ണിയും.
ചരളിൽ പ്രവർത്തിക്കുന്ന സ്നേഹഭവനിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 താമസക്കാരുണ്ട്. വയോധികരും രോഗികളുമായവരെ ജീവിതാവസാനംവരെ സംരക്ഷിക്കുന്ന സ്നേഹഭവൻ നാട്ടുകാരുടെയും സുമനസുകളുടെയും സഹായംകൊണ്ടാണ് പ്രവർത്തിച്ചുവരുന്നത്.