കൂത്താട്ടുകുളം(കൊച്ചി): സ്വദേശത്തേക്ക് മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ട് കൂത്താട്ടുകുളത്ത് അതിഥി ത്തൊഴിലാളികളുടെ പ്രതിക്ഷേധം, പോലീസ് ലാത്തിവീശി.
ഇന്നു രാവിലെ ഏഴോടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ ചെറുസംഘങ്ങളായി എത്തി തടിച്ചുകൂടിയ അഞ്ഞൂറോളം തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്. ടൗണിലെ ക്യാന്പുകളിലും സമീപ വാർഡുകളിലെ കെട്ടിടങ്ങളിലും താമസിച്ചുവന്ന തൊഴിലാളികളിൽ ഒരു വിഭാഗമാണ് പ്രതിക്ഷേധവുമായി രംഗത്തെത്തിയത്.
പെരുന്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലെ തൊഴിലാളികൾക്ക് സ്വദേശത്തേക്ക് പോകാൻ സൗകര്യം ഒരുക്കിയെന്നും കൂത്താട്ടുകുളത്തെ ആർക്കും ഇതുവരെ പോകാൻ അവസരം കിട്ടിയില്ലെന്നും ഇവർ പറഞ്ഞു.
ഇക്കാര്യം ഉന്നത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് സിഐ കെ. മോഹൻദാസ്, നഗരസഭ ആരോഗ്യകാര്യ അധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ തൊഴിലാളികളെ അറിയിച്ചു.
പിന്നീടും പ്രതിഷേധം തുടർന്നതോടെ പോലീസ് ലാത്തിവീശി തൊഴിലാളികളെ വിരട്ടി ഓടിക്കുകയായിരുന്നു. കൂത്താട്ടുകുളത്തെ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു തിരുമാറാടി പഞ്ചായത്തിൽ ചില കവലകളിൽ അതിഥിത്തൊഴിലാളികൾ കൂട്ടം കൂടിയെങ്കിലും പോലീസെത്തി ഇവരെ ക്യാന്പുകളിലേക്ക് മടക്കി അയച്ചു.