കോട്ടയം: അതിഥിത്തൊഴിലാളികളുമായി കോട്ടയത്തു നിന്ന് ഒറീസയിലേക്കു ആറിനു സ്പെഷൽ ട്രെയിൻ ഓടിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ പുർത്തിയായിവരുന്നതായി ജില്ലാ കളക്ടർ സുധീർ ബാബു.
ജില്ലയിൽ ഏതു സ്റ്റേഷനിൽനിന്നും ട്രെയിൻ പുറപ്പെടണമെന്നത് തീരുമാനിച്ചിട്ടില്ല. ഏതാനും അതിഥി ത്തൊഴിലാളികൾ മടക്കയാത്ര ഒഴിവാക്കാൻ താൽപര്യപ്പെടുന്നുണ്ട്. ഇതിൽ വ്യക്തത വൈകുന്നതാണ് അനിശ്ചിതത്വത്തിനു കാരണം.
പായിപ്പാട് ഉൾപ്പെടെ ജില്ലയിലെ ഏറെ ക്യാന്പുകളിലും പശ്ചിമ ബംഗാളിൽനിന്നുള്ളവരാണ് കഴിയുന്നത്. പശ്ചിമബംഗാളിലേക്ക് ട്രെയിൻ ഓടിക്കാനുള്ള നടപടികൾ ആ സംസ്ഥാനം ആരംഭിച്ചിട്ടില്ല. കോൽക്കട്ടത്തയിൽനിന്നും ഒരു ദിവസത്തിലേറെ റോഡ് മാർഗം യാത്രചെയ്യേണ്ടവരാണ് തൊഴിലാളികളിൽ ഏറെപ്പേരും.
പായിപ്പാട് ക്യാന്പിലുള്ളവരിൽ ഏറെയും പശ്ചിമബംഗാളിലെ മാൾട്ട ജില്ലക്കാരാണ്. ജില്ലയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വ്യക്തത വരുന്ന സാഹചര്യത്തിൽ ഇതര സുരക്ഷാ ക്രമീകരണങ്ങളും നടപടികളും പൂർത്തിയാക്കി സ്പെഷൽ ട്രെയിൻ ഓടിക്കാനാണു നീക്കമെന്നും ജില്ലാ കളക്ടർ അറിയിച്ചു. രജിസ്റ്റർ ചെയ്ത് അനുമതി ലഭിച്ച യാത്രക്കാർക്കു മാത്രമായിരിക്കും ഈ ട്രെയിനിൽ യാത്രയ്ക്ക് അനുമതി.
അതിഥിത്തൊഴിലാളികൾക്ക് തദ്ദേശസ്ഥാപനളിൽ ബന്ധപ്പെടാം
കോട്ടയം: സ്വദേശത്തേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന അതിഥി ത്തൊഴിലാളികളുടെ വിവരശേഖരണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഇതുവരെ എത്തിച്ചേരാത്ത മേഖലകളിലുള്ള തൊഴിലാളികൾ അതത് പഞ്ചായത്ത്, മുനിസിപ്പൽ ഓഫീസുകളിൽ അറിയിച്ചാൽ മതിയാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇതിന് തൊഴിലാളികൾ നേരിട്ട് പോകേണ്ടതില്ല. കോണ്ട്രാക്ടർ, താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ, വാർഡംഗം എന്നിവരിൽ ആരെങ്കിലും മുഖേന വിവരം നൽകിയാൽ മതിയാകും.
അറിയിച്ചാലുടൻ ഉദ്യോഗസ്ഥർ തൊഴിലാളികളുടെ പക്കലെത്തി വിവരശേഖരണം നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മടക്കയാത്ര സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പ് ലഭിക്കുന്നതുവരെ തൊഴിലാളികൾ താമസസ്ഥലങ്ങളിൽതന്നെ തുടരണമെന്നും കളക്ടർ അറിയിച്ചു. അതിഥി തൊഴിലാളികൾക്ക് സംശയനിവാരണത്തിന് ബന്ധപ്പെടാം. 0481 2564365, 9497713705.