കോട്ടയം: അതിഥിത്തൊഴിലാളികളെ നാട്ടിലേക്കു കൊണ്ടു പോകുന്നതിനായി കോട്ടയത്തു നിന്നും നാളെ ജാർഖണ്ഡിലേക്കും വെള്ളിയാഴ്ച പശ്ചിമ ബംഗാളിലേക്കും ട്രെയിൻ ഏർപ്പെടുത്തി.
ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നായി ഈ ട്രെയിനുകളിൽ പോകേണ്ട തൊഴിലാളികളെ കഐസ്ആർടിസി ബസിൽ കോട്ടയത്ത് എത്തിക്കും. ഇതിനു പുറമെ ഇന്നു രാത്രി 9.15ന് എറണാകുളത്തുനിന്ന് അഗർത്തലയിലേക്ക് പോകുന്ന ട്രെയിനിൽ ജില്ലയിൽനിന്ന് 52 തൊഴിലാളികൾ മടങ്ങുന്നുണ്ട്.
തൃപുരയിൽ നിന്നുള്ള 26 പേരും അരുണാചൽ പ്രദേശിൽനിന്നുള്ള 24 പേരും മേഘാലയക്കാരായ രണ്ടു പേരും ഇതിൽ ഉൾപ്പെടുന്നു. വൈകുന്നേരത്തോടെ രണ്ടുകെഎസ്ആർടിസി ബസുകളിലായി ഇവരെ എറണാകുളത്തെത്തിക്കും.
കോട്ടയത്തു നിന്ന് ഇന്നലെ രാത്രിയിൽ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ ട്രെയിനിലുള്ളതു 1464 അതിഥിത്തൊഴിലാളികളാണ്. വിവിധ താലൂക്കുകളിൽനിന്നുള്ള തൊഴിലാളികളെ കെഎസ്ആർടിസി ബസുകളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
കെട്ടിടത്തിൽനിന്നു വീണു പരിക്കേറ്റ പശ്ചിമ ബംഗാളിലെ കുച്ച് ബിഹാർ ജില്ലയിൽനിന്നുള്ള അങ്കുൽ ബർമൻ(21) എന്ന തൊഴിലാളിയെ ഈരാറ്റുപേട്ടയിൽനിന്ന് ആംബുലൻസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചശേഷം ട്രെയിനിൽ കിടത്തിയാണ് യാത്രയാക്കിയത്.