കോട്ടയം: ജില്ലയിലെ അതിഥി തൊഴിലാളി ക്യാന്പുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം എറണാകുളം കിഴക്കന്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെതിരെ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ജില്ലയിലെ അതിഥി തൊഴിലാളി ക്യാന്പുകളിൽ നിരീക്ഷണം ശക്തമാക്കിയത്.
ജില്ലയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ളത് ചങ്ങനാശേരി പായിപ്പാടാണ്. ഇവിടെ പോലീസ് കർശന ജാഗ്രതയിലാണ്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലേക്കു തിരികെ മടങ്ങണമെന്നാവശ്യപ്പെട്ട് പായിപ്പാട്ടുള്ള അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
ജില്ലയിലെ ഒട്ടുമിക്ക അതിഥി തൊഴിലാളി ക്യാന്പുകളിലും മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിൽപനയും നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇക്കാര്യവും കർശനമായി പരിശോധിക്കുന്നുണ്ട്.
ഇതിനു പുറമെ തൊഴിലാളികൾ കർശനമായും നിയമ വ്യവസ്ഥകൾ പാലിക്കണമെന്നും പോലീസുമായും നാട്ടുകാരുമായും നല്ല ബന്ധം പുലർത്തണമെന്നും പോലീസ് വിവിധ ക്യാന്പുകളിൽ കയറിയിറങ്ങി ബോധവൽകരണവും ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ക്യാന്പുകളുടെ ഉടമകളുമായും പോലീസ് ആശയവിനിമയം നടത്തിവരുന്നു.
അച്ചടക്ക ലംഘനവും അക്രമവും നടത്തുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും പോലീസ് അതിഥി തൊഴിലാളികൾക്ക് നൽകുന്നുണ്ട്. നൂറോളം ക്യാന്പുകളിലായി രണ്ടായിരത്തിലധികം തൊഴിലാളികളാണ് പായിപ്പാട്ട് വസിക്കുന്നത്.
ഈരാറ്റുപേട്ടയിലും നിരവധി ക്യാന്പുകളിലായി നിരവധി അതിഥി തൊഴിലാളികളുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം അതാത് എസ്എച്ച്ഒമാരുടെ നേതൃത്വത്തിലാണ് പരിശോധന.