കോട്ടയം/ചങ്ങനാശേരി: പായിപ്പാട്ടെ ഉൾപ്പടെ ജില്ലയിലെ അതിഥി ത്തൊഴിലാളികൾ ഇന്നു നാട്ടിലേക്ക്. ഇന്നു രാത്രി ഏഴിനു കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു പശ്ചിമ ബംഗാളിലെ ന്യൂ കുച്ച് ബിഹാർ സ്റ്റേഷനിലേക്കു പോകുന്ന ട്രെയിനിൽ ബംഗാളിലെ മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ ജില്ലകളിൽനിന്നുള്ള 1464 പേരാണു മടങ്ങുന്നത്.
സൗജന്യമായാണ് ഇവരെ കൊണ്ടുപോകുന്നത്. ആദ്യ ട്രെയിനിൽ അതിഥിത്തൊഴിലാളികളെ സ്വദേശത്തേക്കു കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. റവന്യു ഉദ്യോഗസ്ഥർ തെരഞ്ഞെടുത്തിട്ടുള്ളവർക്കു മാത്രമാണു മടങ്ങാൻ അവസരമുള്ളത്.
തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്ക് ഇതു സംബന്ധിച്ച അറിയിപ്പു നൽകിയിട്ടുണ്ട്. ഇവരിൽ 1,180 പേർ പായിപ്പാടുനിന്നും ശേഷിക്കുന്നവരിൽ 150 പേർ കോട്ടയം താലൂക്കിൽനിന്നും 134 പേർ മീനച്ചിൽ താലൂക്കിൽനിന്നുമുള്ളവരാണ്. കോട്ടയം, മീനച്ചിൽ താലൂക്കുകളിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തൊഴിലാളികളുടെ കുടുംബാംഗങ്ങളുമുണ്ട്.
ജില്ലയിലുള്ള ബംഗാൾ സ്വദേശികളായ 17,392 തൊഴിലാളികളിൽ നാട്ടിലേക്ക് മടങ്ങുന്നതിന് സന്നദ്ധതയറിയിച്ചവരെ രജിസ്റ്റർ ചെയ്ത ക്രമത്തിലാണു മടക്കയാത്രയ്ക്കു തെരഞ്ഞെടുത്തത്.
പായിപ്പാട്ടെ 1,400 പേരുടെ പ്രാഥമിക പട്ടിക തയാറാക്കിയിരുന്നെങ്കിലും വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയ സാഹചര്യത്തിൽ ഇരുന്നൂറോളം തൊഴിലാളികൾ മടക്കയാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു. എല്ലാ തൊഴിലാളികൾക്കും വൈദ്യപരിശോധന നടത്തി ആരോഗ്യവകുപ്പ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
ചങ്ങനാശേരി തഹസിൽദാർ ജിനു പുന്നൂസിന്റെ നേതൃത്വത്തിൽ പായിപ്പാട്ടെ ലേബർ ക്യാന്പുകളിൽ തൊഴിലാളികളെ നേരിൽ കണ്ട് മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 43 ബസുകളിലായാണു തൊഴിലാളികളെ എത്തിക്കുക. പായിപ്പാടുനിന്ന്-34, കോട്ടയം താലൂക്ക്-അഞ്ച്, മീനച്ചിൽ-നാല് എന്നിങ്ങനെയാണു ഏർപ്പെടുത്തിയിട്ടുള്ള ബസുകളുടെ എണ്ണം.
പായിപ്പാട് ജംഗ്ഷൻ, ഉഴവൂർ സെന്റ് സേവ്യേഴ്സ് പള്ളി മൈതാനം, അയർക്കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി മൈതാനം എന്നിവിടങ്ങളിൽനിന്നാണു തൊഴിലാളികളെ ബസുകളിൽ കയറ്റുക. പായിപ്പാട്ടുനിന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ബസുകൾ കോട്ടയത്തേക്ക് എത്തും.
ഓരോ ബസിലും പോകേണ്ടവരുടെ പട്ടിക തയാറാക്കുകയും മേൽനോട്ടത്തിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ബസുകളിൽ തൊഴിലാളികളെ കയറ്റുന്നതു മുതൽ ട്രെയിനിൽ ഇരുത്തുന്നതുവരെയുള്ള ചുമതല ഈ ഉദ്യോഗസ്ഥർക്കാണ്.
ടോക്കണ്‍ നൽകി ബസിൽ കയറ്റുന്ന തൊഴിലാളികളെ സാമൂഹിക അകലം ഉറപ്പാക്കിയാണ് ഇരുത്തുക. മാസ്ക് ധരിച്ചിരിക്കണമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖയും കൈവശം കരുതണമെന്നും തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ മാസ്കുകൾ തൊഴിൽ വകുപ്പാണ് ലഭ്യമാക്കുന്നത്.
ആദ്യം നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേഷം ടോക്കണ്‍ ക്രമപ്രകാരം തൊഴിലാളികളെ ബസിൽ തന്നെ റെയിൽവേ സ്റ്റേഷനിലേക്കു കൊണ്ടുപോകും. യാത്രാ വേളയിൽ ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഏർപ്പെടുത്തിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജ് 12,000 ചപ്പാത്തിയും മലനാട് ഡവലപ്മെന്റ് സൊസൈറ്റി എല്ലാവർക്കും ഓരോ പാക്കറ്റ് ബ്രഡും അച്ചാറും സ്പോണ്സർ ചെയ്തു. കുടിവെള്ളം ജില്ലാഭരണകൂടമാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ട്രെയിനിൽ തൊഴിലാളികൾക്ക് സീറ്റ് അനുവദിക്കുന്നതും കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചാണ്. ്