കോഴിക്കോട്: കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരല്ലെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികൾ തിരിച്ചെത്തി തുടങ്ങി. ജീവന് ഭീഷണിയുണ്ടെന്ന തോന്നലിൽ കേരളം വിട്ടവരാണ് ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്നത്.
ഉത്തരേന്ത്യയിലെ വലിയ ആഘോഷമായ ദീപാവലി കൂടി കഴിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങിയവർ കേരളത്തിലേക്ക് ജോലിക്കെത്തുന്നതായി തൊഴിലുടമകൾ സമ്മതിക്കുന്നു. ജില്ലയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നവരാണ് നാട്ടിലേക്കു മടങ്ങിയവരിൽ കൂടുതലും. യാതൊരു മുന്നറിയിപ്പും കൂടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങിയവർ പലരും തൊഴിലുടമകളെ ഫോണിൽ വിളിച്ചു തിരിച്ചുവരുന്നുണ്ടെന്ന വിവരം അറിയിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിന് സമീപമുള്ള ഹോട്ടലിൽ നിന്ന് ഇത്തരത്തിൽ പോയ ഒരു ഇതര സംസ്ഥാന തൊഴിലാളി കഴിഞ്ഞ ദിവസം ഹോട്ടൽ ഉടമയെ താൻ തിരിച്ചു വരുന്നുണ്ടെന്ന വിവരം അറിയിച്ചതായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുഹൈൽ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വ്യാജവാർത്തയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികൾ മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം സുരക്ഷിതമല്ലെന്ന തരത്തിൽ കഴിഞ്ഞ അഞ്ചാം തീയതി മുതലാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം വ്യാപകമായിരുന്നത്.
ഇത് കണ്ടതോടെ അടുത്തിടെ കേരളത്തിലെത്തിയവരിൽ ഒരു വിഭാഗമാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. യാതൊരു മുന്നറിയിപ്പും നൽകാതെ ചെയ്ത ജോലിയുടെ കൂലി പോലും വാങ്ങാതെയാണ് ഏറെ പേരും സ്ഥലം വിട്ടത്.