പിലിക്കോട്: നിർമാണ മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികൾ സജീവമായതു മലയാള നാട്ടിൽ പുതിയ കാഴ്ച അല്ലായിരിക്കാം. എന്നാൽ വയലുകളിൽ കൃഷിപ്പണിയിൽ ഏർപ്പെടാൻ കൂടി അന്യസംസ്ഥാന തൊഴിലാളികളിറങ്ങിയതു പുതിയ കാഴ്ചയാകുകയാണ്. കൃഷിപ്പണിയെക്കുറിച്ചു ചോദിച്ചപ്പോൾ പിലിക്കോട് വെള്ളച്ചാൽ വയലിൽ വെയിലിനെ കൂസാതെ ജോലി ചെയ്യുന്ന വിജയുടെയും കൂട്ടുകാരുടെയും വാക്കുകളിൽ മണ്ണിനോടുള്ള അടങ്ങാത്ത സ്നേഹം തുടിക്കുന്നുണ്ടായിരുന്നു.
പലർക്കും സംശയം തോന്നിയേക്കാം കൃഷിയിൽ ഇവർക്കെന്താണു കാര്യമെന്ന്. എന്നാൽ ഇതിനുള്ള മറുപടിയും ഇവർ തന്നെ പറയും. വ്യവസായശാലകൾ അധികമൊന്നും എത്തിയിട്ടില്ലാത്തതും ഏക്കറുകണക്കിനു വയലുകൾ പരന്നു കിടക്കുന്നതുമായ പ്രദേശങ്ങളാണ് ഇവരുടെ നാട്ടിലുള്ളത്.
വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളോടൊപ്പം ഇവരും കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്നു. ഗോതന്പ്, ചോളം തുടങ്ങിയ കൃഷിയാണെന്നുള്ള വ്യത്യാസം മാത്രമാണുള്ളതെന്നു മാത്രം. വിതയ്ക്കലും കൊയ്യലും അവിടങ്ങളിലെ ഉത്സവങ്ങളാണെന്ന് ഇവർ പറയുന്നു. അതുകൊണ്ടു തന്നെ വയലുകളിലെ കൃഷിപ്പണി ഇവർക്ക് ഒട്ടും അന്യമല്ല.
നിലമൊരുക്കൽ മുതൽ കൃഷി ചെയ്ത് അതു പരിപാലിച്ചു വിളവെടുക്കുന്നതു വരെയുള്ള ഓരോ കാര്യങ്ങളും ഇവർക്കു ആരും പറഞ്ഞു കൊടുക്കുകയും വേണ്ട. പക്ഷേ ഇവിടെ ഇവർ പൂർണമായും കൃഷിപ്പണിയിലേക്കു തിരിഞ്ഞിട്ടില്ല. ഇപ്പോൾ നിലമൊരുക്കുന്ന ജോലികൾക്ക് മാത്രമാണ് ഇവരെ പലരും ഉപയോഗപ്പെടുത്തുന്നത്.
കൃഷിപ്പണിക്കു നമ്മുടെ നാട്ടിൽ നിന്നും തൊഴിലാളികളെ കിട്ടാതാവുന്നതാണ് ഇതര സംസ്ഥന തൊഴിലാളികളെ ആശ്രയിക്കാനിടയാക്കുന്നത്. നമ്മുടെ പ്രദേശങ്ങളിൽ നിലമൊരുക്കുന്നതോടൊപ്പം ഞാറു നടീൽ മുതൽ വിള കൊയ്യുന്നതുവരെയുള്ള കൃഷിപ്പണിയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ നിറ സാന്നിധ്യം ഉണ്ടായായേക്കാവുന്ന കാലം വിദൂരമല്ലെന്നു ഇത്തരം കാഴ്ചകൾ തെളിയിക്കുന്നു.