പത്തനംതിട്ട: നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപിന്റെ നേതൃത്വത്തില്‍ നഗരസഭാ ഹെല്‍ത്ത് സ്ക്വാഡ്, ലേബര്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ലേബര്‍ ക്യാന്പുകളില്‍ പരിശോധന നടത്തി.
ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്നത് യാതൊരുവിധ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്ന് കണ്ടെത്തി. ആവശ്യത്തിന് ശുചിമുറികളും കുളിമുറികളുമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. കുമ്പഴയില്‍ 15 തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നിടത്ത് ഒരു ശൗചാലയം പോലുമില്ല.
ഇവിടെ താമസിക്കുന്നവര്‍ സമീപത്തെ പുഴയുടെ തീരം പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ക്യാന്പ് അടച്ചു പൂട്ടാന്‍ നടപടി സ്വീകരിച്ചു. ഇത് സംബന്ധിച്ച് ക്യാന്പ് ഉടമകളായ ജോര്‍ജ്കുട്ടി, അഷ്റഫ് എന്നിവര്‍ക്ക് നോട്ടീസ് നല്കി.
കുമ്പഴയില്‍ വലിയ തോതില്‍ ആക്രി സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമ മോഹന്‍ ജോസിനും നോട്ടീസ് നല്കി. പത്തനംതിട്ട നഗരസഭാ പ്രദേശത്ത് കൊതുകുജന്യ രോഗങ്ങള്‍ കൂടുതലായി കണ്ട് വരുന്നതിനെത്തുടര്ന്നായിരുന്നു പരിശോധന.
നഗരസഭാ വൈസ് ചെയര്മാന് പി. കെ. ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, കൗണ്‍സിലര്‍മാരായ അശോക് കുമാര്‍, ആമിന ഹൈദരാലി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബു കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ബിനു ജോര്‍ജ്, എബി ദേവ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സുരേഷ് നേതൃത്വത്തിലായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും ലേബര്‍ ക്യാന്പുകള്‍, വഴിയോര കച്ചവടങ്ങൾ, മാലിന്യം വലിച്ചെറിയുന്നവര്‍ എന്നിവര്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അറിയിച്ചു.