കോട്ടയം: സംസ്ഥാനത്ത് കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് ഇപ്പോഴും അവ്യക്തം. തൊഴിൽ ചെയ്യുന്നതിനായി കേരളത്തിൽ എത്തുന്ന ഇതര സംസ്ഥാനക്കാരെ സംബന്ധിച്ച വിവരം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും എല്ലാവരും പാലിക്കുന്നില്ല. ഇതാണ് രണ്ടാഴ്ച മുൻപ് പാറന്പുഴയിൽ പാറമടയിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിയാൻ കഴിയാതിരുന്നത്.
. മരിച്ചത് ഇതര സംസ്ഥാനക്കാരനാണെന്ന് വ്യക്തമായെങ്കിലും അയാൾ ആരുടെ കീഴിലാണ് ജോലിക്കു വന്നത്, ഏതു സ്വദേശി തുടങ്ങിയ വിവരങ്ങൾ ലഭിക്കാൻ വൈകി. കേരളത്തിൽ ഇതര സംസ്ഥാനക്കാരായ കുറ്റവാളികൾ പെരുകാൻ കാരണം ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്താത്തതുമാണ്. കേരളത്തിൽ കുറ്റം ചെയ്ത് അന്യനാട്ടിലേക്ക് കടന്നാൽ ഇയാളുടെ പൊടിപോലും കണ്ടുപിടിക്കാനാവാതെ പോലീസും കുഴയും.
അന്യ സംസ്ഥാനക്കാരായ തൊഴിലാളികളുടെ ഫോട്ടോയും വിരലടയാളവും പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും കേരളത്തിൽ ഇപ്പോഴുള്ള ഇതര സംസ്ഥാനക്കാരിൽ പകുതി പേരുടെ വിവരങ്ങൾ പോലും പോലിസിന്റെ പക്കലില്ല. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വീട് വാടകയ്ക്കെടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്നുണ്ട്.
എന്നാൽ ഇവരെ സംബന്ധിച്ച വിവരങ്ങൾ ഒന്നും വീട്ടുടമയ്ക്കു പോലും അറിയില്ല. സമീപ പ്രദേശങ്ങളിൽ എന്തെങ്കിലും കുറ്റം നടത്തി മുങ്ങിയാൽ പിന്നെ ഒരിക്കലും ഇവരെ കണ്ടെത്താൻ കഴിയില്ല. ചിങ്ങവനം, കുറിച്ചി, പൂവൻതുരുത്ത്, മൂലേടം, കടുവാക്കുളം , ഏറ്റുമാനൂർ, മെഡിക്കൽ കോളജ് പ്രദേശങ്ങളിൽ ബംഗാളികൾ വൻ തോതിൽ താമസിക്കുന്നുണ്ട്.
മൂലേടത്തും കടുവാക്കുളത്തും നിരവധി വീടുകളിൽ വാടകയ്ക്ക് താമസിക്കുന്നവരെ സംബന്ധിച്ച ഒരു രേഖയും പോലീസിന്റെ പക്കലില്ല. ഏതാനും മാസം മുൻപ് കേരളത്തിൽ എത്തിയ ട്രെയിനിലെ ഒരു ബോഗി നിറയെ ബംഗാളികളായിരുന്നു.
ഇതുപോലെ ആഴ്ചയിൽ നൂറും ഇരുനുറും പേരാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലിക്കായി എത്തുന്നത്. ഇവരിൽ പലർക്കും തിരിച്ചറിൽ രേഖപോലും ഇല്ല. ഉള്ളവരുടെ രേഖകൾ പോലീസിനെ കാണിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. കോണ്ട്രാക്ടർമാരാണ് ഇതര സംസ്ഥാനക്കാരെ സംബന്ധിച്ച വിവരം സ്റ്റേഷനിൽ അറിയിക്കേണ്ടത്.
അവർ ഇക്കാര്യത്തിൽ വിമുഖത കാട്ടുകയാണ്. കോട്ടയം നഗരത്തിലെ രണ്ടു സ്വർണക്കടകൾ കൊള്ളയടിച്ച് കിലോകണക്കിന് സ്വർണം തട്ടിയെടുത്ത പ്രതികൾ കേരളം വിട്ടിട്ട് വർഷങ്ങളായി. അസാം സ്വദേശികളായ പ്രതികളെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതടക്കം നിരവധി കേസുകൾക്ക് തുന്പു കിട്ടാതെ പോലീസ് വിഷമിക്കുകയാണ്. അപ്പോഴും രേഖകൾ ഒന്നുമില്ലാതെ കേരളത്തിൽ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പെരുകുകയാണ്.