മലപ്പുറം: ലോക്ക് ഡൗണ് കാരണം ജില്ലയിൽ കഴിയുന്ന ഉത്തർപ്രദേശിൽ നിന്നുള്ള അതിഥിത്തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,150 തൊഴിലാളികളാണ് മടങ്ങുന്നതെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
തിരൂരിൽ നിന്ന് വൈകീട്ടോടെയാണ് ഇവർക്കായി ഏർപ്പെടുത്തിയ പ്രത്യേക തീവണ്ടി പുറപ്പെടുക. ജില്ലയിൽ നിന്ന് നേരത്തെ ബിഹാറിലേയ്ക്കും മധ്യപ്രദേശിലേയ്ക്കും പ്രത്യേക തീവണ്ടികളിൽ അതിഥിത്തൊഴിലാളികൾ മടങ്ങിയിരുന്നു.
സ്വന്തം നാട്ടിലേക്ക് മടങ്ങാൻ താത്പര്യമുള്ള തൊഴിലാളികളുടെ പട്ടിക പോലീസിന്റെ നേതൃത്വത്തിൽ തയാറാക്കിയിരുന്നു. ഇതനുസരിച്ച് ജില്ലാ ഭരണകൂടം യാത്രാ അനുമതി നൽകി. തിരൂർ താലൂക്കിൽ നിന്ന് 300, പെരിന്തൽമണ്ണ താലൂക്കിൽ നിന്ന് 150, കൊണ്ടോട്ടി താലൂക്കിൽ നിന്ന് 300, തിരൂരങ്ങാടി താലൂക്കിൽ നിന്ന് 400 പേരുമാണ് തിരിച്ചു പോകുന്നത്.
വിവിധ ക്യാന്പുകളിൽ കഴിയുന്ന തൊഴിലാളികളെ രാവിലെ ഏഴ് മണിയ്ക്ക് മുന്പായി പ്രത്യേകം ഏർപ്പെടുത്തിയ കഐസ്ആർടിസി ബസുകളിൽ അതത് താലൂക്കുകളിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളിൽ എത്തിക്കും.
തിരൂർ താലൂക്കിൽ പുത്തനത്താണി ബസ് സ്റ്റാൻഡ്, തിരൂർ ബസ് സ്റ്റാൻഡ് എന്നിവയാണ് ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾ. പെരിന്തൽമണ്ണ താലൂക്കിലുള്ളവർക്ക് മൗലാനാ ആശുപത്രിക്കു സമീപമുള്ള സെൻട്രൽ ജിഎംഎൽപി സ്കൂളിലും കൊണ്ടോട്ടി താലൂക്കിൽ മേലങ്ങാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് ആരോഗ്യ പരിശോധന.
തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി ഗവ.ഹൈസ്കൂൾ, വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നീ രണ്ട് കേന്ദ്രങ്ങളിലും അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടക്കും. പരിശോധന പൂർത്തിയാക്കിയ ശേഷം വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ആരോഗ്യ ജാഗ്രത ഉറപ്പാക്കി കഐസ്ആർടിസി ബസുകളിൽ തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയ്ക്കും.
ഇതിനായി 30 കഐസ്ആർടിസി ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതിഥി തൊഴിലാളികളെ കൊണ്ടുപോകാൻ വേണ്ട മുന്നൊരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. തൊഴിലാളികൾ ഒരു കാരണവശാലും നേരിട്ട് റെയിൽവെ സ്റ്റേഷനുകളിൽ എത്തരുത്.
ജില്ലാ ഭരണകൂടം യാത്രാ അനുമതി നൽകിയവരെ മാത്രമായിരിക്കും ഓരോ ഘട്ടങ്ങളിലും കൊണ്ടുപോവുക. നാട്ടിലേയ്ക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.