‘കോഴിക്കോട്: അഭ്യൂഹങ്ങളുടെയും ആശങ്കയുടെയും പേരില്‍ ഇതരസംസ്ഥാനതൊഴിലാളികളെ തടഞ്ഞുവയ്ക്കുകയോ മര്‍ദിക്കുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി പോലീസ്. കുട്ടികളെ തട്ടിക്കൊണ്ടുപേകാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്ന ആക്ഷേപം നിലനില്‍ക്കേ ഇപ്പോള്‍ മയക്കുമരുന്നുവേട്ടയിലും ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ പശ്ചാത്തലത്തിലാണ് സ്വയം പോലീസ് ചമയരുതെന്ന കര്‍ശന നിര്‍ദേശം വന്നിരിക്കുന്നത്.
പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികളെ തടയുകയും മര്‍ദിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂരിലും ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചു. എന്നാല്‍ ഒടുവില്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്ന് ബോധ്യമായി. കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകരയിലും ഒളവണ്ണയിലും സമാനസംഭവം ഉണ്ടായി.
കക്കോടിയില്‍ സ്ത്രീയുടെ കയ്യില്‍നിന്നും കുട്ടിയെ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത് ഇതരസംസ്ഥാന തൊഴിലാളിയാണെന്ന അഭ്യൂഹത്തെതുടര്‍ന്ന് ഈ പ്രദേശത്തെ നിരവധി തൊഴിലാളികളെ ചോദ്യം ചെയ്യുകയും പരാതിക്കാരിയുടെ അടുത്ത് എത്തിക്കുകയും ചെയ്തെങ്കിലും ഇവരാരുമല്ലെന്ന് യുവതി മൊഴി നല്കിയ സംഭവവും ഉണ്ടായി.
അതേസമയം, ദുരൂഹ സാഹചര്യത്തില്‍ ആരെ കണ്ടാലും അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളനോട്ടുകേസിലും മയക്കുമരുന്ന് ഉപയോഗത്തിലും ഇതരസംസ്ഥാനക്കാരും കൂടുതലായി ഉള്‍പ്പെടുന്നത് പോലീസിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞമാസം 15ന് മുക്കത്ത് നടന്ന വന്‍ മയക്കുമരുന്ന് വേട്ട സംസ്ഥാനത്ത് അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയായിരുന്നു.
ഒരു കോടിയിലധികം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറാണ് മുക്കം പാലത്തിന് സമീപത്ത് വെച്ച് മധ്യപ്രദേശ് സ്വദേശി റഈസ് മുഹമ്മദില്‍ നിന്ന് പിടികൂടിയത്. ഒരു മാസം പൂര്‍ത്തിയാകും മുമ്പേ ഇന്നലെ മുക്കത്തു തന്നെ നടന്ന വന്‍ കള്ളനോട്ട് വേട്ടയിലും പ്രതികള്‍ ഇതരസംസ്ഥാനക്കാരാണ്.
തമിഴ്നാട് സേലം സ്വദേശികളായ സുരേഷ്കുമാര്‍ (35), നിര്‍മ്മല (35) എന്നിവരെയാണ് പത്ത് ലക്ഷത്തി അമ്പതിനായിരം രൂപയുടെ കള്ളനോട്ടുമായി ഇന്നലെ അറസ്റ്റു ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികളെ മറ്റുള്ളവര്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പണം നല്കി ഇവരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ്ത ുടരന്വേഷണം.