കോട്ടയം: വിവിധ ആവശ്യങ്ങൾക്കായി നാട്ടിൽ എത്തുന്ന ഇതര സംസ്ഥാനക്കാരെ സൂക്ഷിക്കണമെന്നു പോലീസ്. പാന്പാടിയിലും പരിസര പ്രദേശങ്ങളിലും കന്പിളി പുതപ്പ് വിൽക്കാൻ എത്തിയവരാണു പെട്രോൾ പന്പിൽ കവർച്ച നടത്തിയത്. ഇതോടെയാണു വിവിധ കച്ചവടങ്ങൾക്കും ജോലിക്കുമായി നാട്ടിൽ എത്തിയിരിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മേൽ ശ്രദ്ധവേണമെന്നു പോലീസ് അറിയിച്ചിരിക്കുന്നത്.
ദിവസവും നിരവധി ഇതര സംസ്ഥാനക്കാരാണു കേരളത്തിലേക്കു എത്തിക്കൊണ്ടിരിക്കുന്നത്.ഇവരിൽ ഭൂരിഭാഗവും മോഷണങ്ങളും തട്ടിപ്പുകളും ലക്ഷ്യമിട്ടാണു കേരളത്തിലേക്ക് എത്തുന്നതെന്നും പോലീസ് പറയുന്നു. ഇത്തരക്കാർ ഏതാനും കുറച്ചു ദിവസങ്ങൾ മാത്രമേ ഒരു സ്ഥലത്ത് തന്പടിക്കാറുള്ളു. അതിനുള്ളിൽ മോഷണം നടത്തി മുങ്ങുകയാണ് പതിവ്.
ഇത്തരക്കാർ ഒറ്റയ്ക്കു കവർച്ച നടത്താനുള്ള സാധ്യതയും കുറവാണ്. മറിച്ചു മൂന്നു നാലു പേരുള്ള സംഘങ്ങളായിട്ടായിരിക്കും കവർച്ച നടത്തുന്നതിനായി എത്തുക. സംഘത്തിലുള്ള ചിലർ കവർച്ച നടത്തുന്പോൾ മറ്റുള്ളവർ മോഷണത്തിനുശേഷം സംഘത്തിനു രക്ഷപ്പെടുന്നതിനുള്ള വഴിയൊരുക്കുകയുമാണു ചെയ്യുകയെന്നും സ്പെഷൽ ബ്രാഞ്ച് പോലീസ് പറഞ്ഞു.