ആറ്റിങ്ങൽ: പൂവൻപാറയിൽ ഹോളോ ബ്രിക്സ് കന്പനി ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറയ്ക്ക് സമീപം പ്രവർത്തിക്കുന്ന മോഹൻകുമാറിന്റെ ഉടമസ്ഥതയിലുള്ള എ.എം.ഹോളോ ബ്രിക്സ് കന്പനിയിലെ ഓഫീസിലാണ് അന്യസംസ്ഥാന തൊഴിലാളിയായ വിമൽ (30) നെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. കസേരയിൽ ഇരിയ്ക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രാത്രിയിൽ വിമലിനെ കൂടാതെ മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയുമാണ് ഹോളോ ബ്രിക്സ് കന്പനിയിൽ താമസിച്ച് വന്നിരുന്നത്.
ഇന്ന് രാവിലെ ഉടമ മോഹൻകുമാർ സ്ഥാപനത്തിൽ എത്തിയപ്പോഴാണ് വിമലിന്റെ മൃതദേഹം കണ്ടെത്തിയത്. വിമലിനോടൊപ്പം താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ കാണാനില്ല. രാത്രിയിൽ അന്യ സംസ്ഥാന തൊഴിലാളികളായ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നതാണോ കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.