നെന്മാറ: മഴ സഹായിച്ചതും കുളങ്ങളിൽ നിന്നും മറ്റും വെള്ളം പന്പു ചെയ്തും പാടങ്ങളിൽ വെള്ളമെത്തിച്ച് നടീൽ സജീവമായി.
അയിലൂർ, നെന്മാറ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽ തുടങ്ങിയത്.
തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്.
അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരത്തിൽ കഴിഞ്ഞ ദിവസം നടീൽ നടത്തനെത്തിയത് ബംഗാളിലെ പശ്ചിമ കൽകത്തയിൽ നിന്നുള്ള റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
പോത്തുണ്ടി വെള്ളം ഇന്നു എത്തുമെന്നതിനാൽ നെൽ ചെടികൾക്ക് കുറച്ചു ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും നടീൽ നടത്തുമെന്ന് കർഷകർ പറയുന്നു.
മഴ ശക്തമാകുന്പോഴേക്കും നടീൽ പൂർത്തിയായാൽ ഒന്നാം വളപ്രയോഗം നടത്താമെന്ന പ്രതീക്ഷയിലാണ്.മേടത്തിൽ തന്നെ ഞാറ്റടി തയ്യാറാക്കി എടവത്തിൽ നടീൽ നടത്തിയാൽ കാലവർഷം ചതിച്ചില്ലെങ്കിൽ ഓണത്തിന് പുത്തിരിയുണ്ണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.