കടുത്തുരുത്തി: കോവിഡും ലോക്ഡൗണുമെല്ലാമായി ഭായിമാർ സ്വന്തം നാടുകളിലേക്ക് മടങ്ങിയതോടെ നിർമാണ മേഖലയിലും തളർച്ച പ്രകടമായി.
വഴിയോരക്കച്ചവടങ്ങളിൽ മുതൽ ഭക്ഷണ ശാലയിലും വൻകിട സ്ഥാപനങ്ങളിലും ഭായിമാരുടെ സാന്നിധ്യം പ്രകടമായിരുന്നു. കേരളത്തിലെ പാടശേഖരങ്ങളിൽ നെൽക്കൃഷിക്കുൾപ്പെടെ ഭായിമാരുടെ സാന്നിധ്യമുണ്ടായിരുന്നു.
ഭായിമാരില്ലാതെ നാട്ടിലെ ഒരു പണിയും നടക്കാത്ത സ്ഥിതി വിശേഷത്തിലേക്കു മലയാളികൾ തന്നെ കാര്യങ്ങൾ എത്തിച്ചിരുന്നു. എന്നാൽ ഭായിമാരുടെ നാട്ടിലേക്കുള്ള മടക്കം ഏറ്റവും അധികം ബാധിച്ച മേഖലകളിലൊന്നാണ് നിർമാണ മേഖല.
പ്രതിസന്ധിയിൽ നിർമാണമേഖല
കെട്ടിട നിർമാണം ഉൾപ്പെടെ തൊഴിൽ മേഖലയിൽ കരാർ എടുക്കുന്നവർക്ക് പറഞ്ഞ സമയത്ത് ജോലി തീർത്തു നൽകുന്നതിൽ ഭായിമാരുടെ പങ്ക് വളരെ വലുതായിരുന്നു.
ഇക്കാരണം കൊണ്ടു തന്നെ അതിഥി തൊഴിലാളികളുടെ ക്ഷാമം ഏറ്റവുമധികം ബാധിച്ചത് നിർമാണ മേഖലയെയാണ്. വിദഗ്ധ തൊഴിലാളികളുടെ അഭാവവും നാട്ടിലുള്ള പണിക്കു വിളിച്ചാൽ ഇവർക്കു കൂലി കൂടുതൽ കൊടുക്കേണ്ടി വരുന്നത് നിർമാണ മേഖലയിൽ വൻ ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്.
മുന്‍പ് 500 രൂപ മുതൽ 800 രൂപ വരെ കൂലി നൽകിയാണ് ജോലിക്കാരെ നിർത്തിയിരുന്നതെങ്കിൽ മലയാളികളെ മാത്രം ആശ്രയിക്കേണ്ടി വന്നതോടെ 1200 രൂപ വരെ കൂലി നൽകേണ്ടി വരുന്നു. ടൈൽ പതിക്കൽ, ഇന്റീരിയർ വർക്ക്, മാർബിൾ വർക്ക് എന്നിവയ്ക്കെല്ലാം ജോലിക്കാരെ അന്വേഷിച്ചു നടക്കേണ്ട സ്ഥിതിയാണ്.
കൂലി കൂടുതൽ
അതിഥി തൊഴിലാളികൾ കുറഞ്ഞപ്പോൾ ഇവിടുള്ളവർക്ക് കൂടുതൽ കൂലി കൊടുക്കേണ്ട സ്ഥിതിയാണ്. 800 രൂപ വരെയായിരുന്നു കോണ്‍ക്രീറ്റ് പണിക്കു മുന്‍പുണ്ടായിരുന്ന കൂലി. ഇപ്പോളിതും വർധിച്ചുവെന്നാണ് കരാറുകാർ പറയുന്നത്.
മുന്‍പ് ഒരു ദിവസം കൊണ്ട് ഭായിമാർ ചെയ്തു തീർത്തിരുന്ന കോണ്‍ക്രീറ്റിംഗ് ജോലികൾ ഇപ്പോൾ നാട്ടിലെ പണിക്കാരെ വച്ചു ചെയ്യിക്കണമെങ്കിൽ തൊഴിലാളികൾ കൂടുതൽ വേണ്ടി വരും.
ഒരു യൂണിറ്റ് (100 ചതുരശ്ര അടി) തേപ്പ് പണിക്ക് 1000 രൂപയായിരുന്നു മുന്‍പത്തെ കൂലി. ഇപ്പോളതിലും മാറ്റമുണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളിൽ കൂലിയിൽ വ്യത്യാസങ്ങളുണ്ട്.
കരാറുകാർ വലഞ്ഞു
എസ്റ്റിമേറ്റ് തയാറാക്കി എഗ്രിമെന്റ് വച്ചാണ് സർക്കാരിന്റെ നിർമാണ പ്രവർത്തികൾ ഏറ്റെടുക്കുന്നത്. തൊഴിലാളികളുടെ കുറവുണ്ടായപ്പോൾ കൂലി കൂടുതൽ കൊടുക്കേണ്ടി വരുന്നു.
നിർമാണ സാമഗ്രികളുടെ വിലക്കൂടുതലും ഈ മേഖലയിലുണ്ടാക്കുന്ന ബാധ്യത വലുതാണ്. പഴയ എസ്റ്റിമേറ്റിന് ഏറ്റെടുത്ത പണി പൂർത്തിയാക്കാനാകാത്ത സ്ഥിതി വിശേഷമാണ് ഇപ്പോൾ നാട്ടിലുള്ളത്.
നിർമാണം പൂർത്തിയാക്കേണ്ട പ്രവൃത്തികളുടെ സമയപരിധി കോവിഡിനെ തുടർന്ന് നീട്ടി നൽകിയിട്ടുണ്ടെങ്കിലും ഭായിമാർ എത്താതെ കരാറുകാരുടെ പ്രശ്നത്തിന് പരിഹാരമാവില്ല.