കൊച്ചി: അതിഥി തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് എറണാകുളം നോര്‍ത്തില്‍ ആശങ്ക പുകയുന്നു. മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതെ രാവിലെ മുതല്ക്കേ പ്രദേശത്ത് തമ്പടിക്കുന്ന അതിഥി തൊഴിലാളികള്‍ പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് നിത്യസംഭവമായി മാറി.
സ്പെഷല്‍ ട്രെയിനിനും ടൂറിസ്റ്റ് ബസുകളിലുമായി മടങ്ങുന്നതിനാണു രാവിലെ മുതല്ക്കേ ഇവര്‍ എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് എത്തച്ചേരുന്നത്.
റെയില്‍വേ സ്റ്റേഷനിലേക്ക് കൂടുതല്‍ പേരെ അടുപ്പിക്കാത്തതിനാല്‍ ഇവരില്‍ ഭൂരിഭാഗംപേരും റോഡുകളില്‍ സ്ഥാനം ഉറപ്പിക്കുന്നു. വൈകുന്നേരം ആകുമ്പോഴേക്കും ആയിരക്കണക്കിനു പേരാണ് സ്ഥലത്ത് തടിച്ചുകൂടുന്നത്. മാസ്കുപോലും ധരിക്കാതെയാണു പലരുടെയും വരവ്.
നോര്‍ത്ത് ഭാഗത്ത് മണിക്കൂറുകള്‍ തങ്ങുന്ന ഇവരില്‍ ചിലര്‍ സമീപത്തെ കെട്ടിടങ്ങളുടെ ചുമരിലും റോഡരികിലുമാണ് മലമൂത്ര വിസര്ജനംവരെ നടത്തുന്നത്. ഇത് സാക്രംമിക രോഗങ്ങള്‍ പടര്‍ത്തുമോയെന്ന ആശങ്കയും നിലനില്ക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിവസവും ആയിര കണക്കിന് അതിഥി തൊഴിലാളികളാണ് എറണാകുളം നോര്‍ത്ത് ഭാഗത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നത്.
ചിലര്‍ സ്പെഷല്‍ ട്രെയിനുകളെ ആശ്രയിക്കുമ്പോള്‍ നോര്‍ത്തില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുവാന്‍ റെഡിയായി കിടക്കുന്ന ടൂറിസ്റ്റ് ബസുകളിലും നിരവധിപേര്‍ മടങ്ങുന്നു. എല്ലാവിധ പെര്‍മിറ്റുകള്‍ എടുത്തും തൊഴിലാളികളെ കാക്കനാട് എത്തിച്ച് പരിശോധനകള്‍ നടത്തിയുമാണു നാട്ടിലേക്കു തിരിക്കുന്നതെന്ന് ബസ് ഡ്രൈവര്‍മാര്‍ പറയുന്നു.
ഇത്തരത്തില്‍ ദിവസവും നൂറുകണക്കിനുപേരാണ് ട്രെയിനിലും ബസിലുമായി നാട്ടിലേക്ക് മടങ്ങുന്നത്. രാത്രിയില്‍ എത്തുന്ന സ്പെഷല്‍ ട്രെയിനിലെ യാത്രയ്ക്കായി ചില അതിഥി തൊഴിലാളികള്‍ രാവിലെ മുതല്ക്കേ സ്ഥലത്തെത്തും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ് ഇതിനെ തകിടം മറിക്കുന്ന തരത്തില്‍ പ്രദേശത്ത് അതിഥി തൊഴിലാളികള്‍ തമ്പടിക്കുന്നത്. സാമൂഹ്യഅകലം പോലും പാലിക്കാത്ത ഇവര്‍ ട്രെയിന്‍ വൈകുന്നതിന്റെ പേരിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ആരോപിച്ച് പ്രതിഷേധങ്ങള്‍ക്കും കോപ്പുകൂട്ടുന്നു.
പ്രതിഷേധം അതിരുകടക്കുമ്പോള്‍ പലപ്പോഴും പോലീസെത്തിയാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പ്രദേശത്ത് രാവിലെ മുതല്ക്കേ പോലീസിന്റെ സേവനം ഉണ്ടായാല്‍ ഇവര്‍ കൂട്ടംകൂടുന്നതും മറ്റും കുറയ്ക്കാനാകുമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പക്ഷം. അതല്ലെങ്കില്‍ വന്‍ വിപത്താകും എറണാകുളം നോര്‍ത്ത് ഭാഗത്തെ കാത്തിരിക്കുന്നതെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.