ചങ്ങനാശേരി: ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആളുകളെ പാർപ്പിക്കാൻ വെസ്റ്റ് ബംഗാളിൽ ക്വാറന്ൈറിൻ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുങ്ങിയില്ല. പായിപ്പാട്ടെ അതിഥി സംസ്ഥാന തൊഴിലാളികൾക്ക്സ്വന്തം നാട്ടിലേക്കു മടങ്ങാനുള്ള പ്രതീക്ഷകൾ മങ്ങുന്നു.
ഈമാസം ആദ്യവാരം തിരുവല്ലായിൽ നിന്നോ ചങ്ങനാശേരിയിൽ നിന്നോ വെസ്റ്റ് ബംഗാളിലേക്ക് ട്രെയിൻ പുറപ്പെടുമെന്ന അധികാരികളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കു യാത്രക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു.
എന്നാൽ നടപടി ക്രമങ്ങൾ ഇപ്പോൾ മന്ദഗതിയിലാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. വെസ്റ്റ് ബംഗാളിലേക്കുള്ള യാത്രക്ക് ഇതുവരെ ട്രയിൻ അനുവദിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ് അധികാരികൾ പറയുന്നത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ വെസ്റ്റ് ബംഗാളിലേക്ക് പ്രവേശിപ്പിക്കാൻ അവിടുത്തെ സർക്കാർ വേണ്ടത്ര താൽപര്യമെടുക്കാത്തതാണ് അവിടേക്ക് തൊഴിലാളികളെ അയക്കുന്നതിന് തടസമായി അധികാരികൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ എത്തിയാൽ പര്യാപ്തമായ രീതിയിൽ ക്വാറന്റൈൻ സൗകര്യങ്ങളും ചികിത്സാ ഭക്ഷണ ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നതിനുള്ള ബുദ്ധിമുട്ടുകളും വെസ്റ്റ്ബംഗാൾ സർക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ വെസ്റ്റ് ബംഗാളിലേക്ക് അയക്കുന്ന നടപടികൾ മന്ദീഭവിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥ മേധാവികൾ ചൂണ്ടിക്കാട്ടുന്നത്.
പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളികളെ വെസ്റ്റ് ബംഗാളിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരം കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നാലംഗ മെഡിക്കൽ ടീം രണ്ടാഴ്ചക്കാലം വിവിധ ക്യാന്പുകളിലെത്തി തൊഴിലാളികളെ പരിശോധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ നാലുദിവസമായി ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള മെഡിക്കൽ മൂന്ന് മെഡിക്കൽ സംഘത്തെ തിരിച്ചുവിളിച്ചു. ഇപ്പോൾ പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ഒരു ടീം മാത്രമാണ് പരിശോധന നടത്തുന്നത്. ഇതുവരെ 3500പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടവരുടെ വിവരശേഖരണ പ്രകാരം ചങ്ങനാശേരി താലൂക്കിൽ 9,000 അതിഥിസംസ്ഥാന തൊഴിലാളികളുള്ളതായും ഇതിൽ 6800പേർ വെസ്റ്റ് ബംഗാളികളാണെന്നുമാണ് കണക്ക്.
അതേസമയം തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത തൊഴിലാളികളുടെയും കരാറുകാരുടേയും ക്യാന്പുടമകളുടേയും യോഗത്തിൽ പോലീസ് അധികാരികൾ നിർദേശം നൽകിയിട്ടുണ്ട്.