കോട്ടയം: ലോക്ഡൗണ് ആരംഭിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അതിഥിത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളുമായി ജില്ലാ നേതൃത്വം.
പായിപ്പാട് ഉൾപ്പെടെയുള്ള മേഖലകളിൽ തൊഴിലാളികളുടെ താമസം, ഭക്ഷണം, കോവിഡ് ബാധിച്ചവരുടെ സംരക്ഷണം തുടങ്ങിയവയിൽ തൊഴിലുടമകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം.
ഇതു സംബന്ധിച്ചു ജില്ലാ കളക്ടർ എം. അഞ്ജന ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ പി.എസ്. സ്വർണമ്മയെ നോഡൽ ഓഫീസറായി നിയോഗിച്ചു.
തൊഴിലിടങ്ങളിൽ തന്നെ താമസിച്ച് തൊഴിൽ ചെയ്യുന്നതിനുള്ള ക്രമീകരണം, മറ്റു സ്ഥലങ്ങളിൽ പോയി ജോലി ചെയ്യേണ്ടവർക്കായി നിലവിൽ തൊഴിലുടമകൾ ഏർപ്പെടുത്തിയിട്ടുള്ള യാത്രാസൗകര്യം എന്നിവ ഒരുക്കും.
തൊഴിലാളികളുടെ വിവര ശേഖരണവും അവരുടെ ആശങ്ക അകറ്റുന്നതിനായുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.
ക്യാന്പുകളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിനുവേണ്ട നടപടികൾക്കായി തൊഴിൽ, പൊതുവിതരണ വകുപ്പുകളെ ചുമതലപ്പെടുത്തി.
പായിപ്പാട് കോവിഡ് ബാധിച്ച അതിഥിത്തൊഴിലാളികളെ പ്രത്യേകമായി ഒരു സ്ഥലത്ത് താമസിപ്പിച്ചിരിക്കുന്നത് നല്ല മാതൃകയാണെന്നും മറ്റുസ്ഥലങ്ങളിലും ഇതേ രീതി പിന്തുടരാവുന്നതാണെന്നും കളക്ടർ പറഞ്ഞു.
അതിഥിത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ ചെയർപേഴ്സണും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) കണ്വീനറുമായി ജില്ലാതല മോണിട്ടറിംഗ് സെൽ രൂപീകരിച്ചു.