പന്തളം: പന്തളം നഗരസഭയിൽ പെടുന്ന കടയ്ക്കാട്, മുട്ടാർ പ്രദേശങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ തന്പടിക്കുന്നു. മറ്റ് പ്രദേശങ്ങളിലും ഇവർ വസിക്കുന്നുണ്ടെങ്കിലും കടയ്ക്കാടും മുട്ടാറുമായി ആയിരക്കണക്കിനാളുകളാണ് താമസിക്കുന്നത്. വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ പോലും നിരവധി തൊഴിലാളികളാണ് കഴിയുന്നത്.
ഉപയോഗശൂന്യമായ വീടുകൾ, പ്രദേശവാസികളുടെ വീടുകളോട് ചേർന്ന് തട്ടിക്കൂട്ടിയ ഷെഡുകൾ, വീടുകളുടെ മുകളിലത്തെ നിലകൾ തുടങ്ങിയവ തൊഴിലാളികളെ പാർപ്പിക്കാനായി ഉപയോഗിക്കുകയാണ്. ചെറിയ മുറികളിൽ പോലും നിരവധി ആളുകൾ തിങ്ങി പാർക്കുന്നു. പല സ്ഥലങ്ങളിലും കൃത്യമായ ശൗചാലയ സൗകര്യങ്ങൾ പോലുമില്ല. ലോഡ്ജുകളായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളും തൊഴിലാളികൾ കൈയടക്കിയിരിക്കുകയാണ്.
കൂടുതൽ ലാഭകരമായതിനാൽ ഉടമകൾക്കും തൊഴിലാളികളെ പാർപ്പിക്കുന്നതിനോടാണ് താത്പര്യവും. ഇത്തരം വാസകേന്ദ്രങ്ങൾക്ക് നഗരസഭയുടെ അനുമതി വേണമെന്നാണ് ചട്ടമെങ്കിലും പാലിക്കപ്പെടുന്നില്ല. കടയ്ക്കാട്, ഉളമയിൽ, മുട്ടാർ, ചേരിക്കൽ, മുടിയൂർക്കോണം തുടങ്ങിയ സ്ഥലങ്ങളിലാണ് അനിയന്ത്രിതമായി ആളുകൾ തന്പടിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിക്കണമെന്ന് പോലീസിന് കർശന നിർദേശമുള്ളതാണ്. കൊലപാതകം, സ്ത്രീപീഡനം അടക്കം കുറ്റകൃത്യങ്ങളിൽ ഇവരുടെ പങ്കാളിത്തം വ്യക്തമായതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇക്കാര്യത്തിൽ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
എവിടെയൊക്കെ ഇത്തരത്തിലുള്ള വാസകേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്താനാകാത്ത വിധത്തിൽ ഇവ പെരുകിയിയിരിക്കുകയാണ്. വാസയോഗ്യമല്ലാത്തയിടങ്ങളിൽ ഇത്തരത്തിൽ തൊഴിലാളികൾ തന്പടിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ അലസമായ നിലപാടിലാണെന്ന പരാതിയും ശക്തമാണ്.