പിറവം: പിറവത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ പട്ടിക്കൂട്ടിലെ വാസ വാർത്ത സോഷ്യൽ മീഡിയയിലും മറ്റും വൈറലായി. പരാതിയും കേസുമില്ലാത്തതിനാൽ ഒടുവിൽ ഒത്തുതീർപ്പിലുമെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ ശ്യാം സുന്ദർ(38) ആണ് പിറവം പോലീസ് സ്റ്റേഷന് സമീപം പുരത്രക്കുളത്തിനടുത്തുള്ള വീട്ടുമുറ്റത്തെ പട്ടിക്കൂട്ടിൽ കഴിഞ്ഞ മൂന്നു മാസമായി കഴിഞ്ഞിരുന്നത്.
കൂട് വീടാക്കി, പാചകവും ഉറക്കവുമെല്ലാം ഇതിനുള്ളിൽത്തന്നെയായിരുന്നു. എട്ടടിയോളം നീളവും നാലര അടിയോളം വീതിയുള്ള പട്ടിക്കൂടിന് ചുറ്റുമുള്ള ഇരുമ്പ് ഗ്രില്ല് പ്ലാസ്റ്റിക് ബോർഡ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഇതിനുള്ളിൽ ഗ്യാസ് ഉപയോഗിച്ച് പാചകവും അതിനുള്ള പാത്രങ്ങളുമുണ്ട്. കിടക്കാൻ ബെഡ് ഷീറ്റും പുതപ്പും തലയണയുമെല്ലാമുണ്ടായിരുന്നു.
ഇവിടെയുള്ള വീട്ടിലും സമീപത്തുള്ള മറ്റൊരു ഷെഡിലുമായി നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.പഴയ ഈ വീടിന്റെ ഉടമയും കുടുംബവും റോഡിന് എതിർവശത്ത് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിലും മറ്റും വ്യാപിച്ചതോടെ ഇന്നലെ രാവിലെ ധാരാളം നാട്ടുകാർ ഇവിടെ എത്തിച്ചേർന്നു.
അനൂപ് ജേക്കബ് എംഎൽഎയടക്കമുള്ള ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. വാടകയ്ക്കു വേണ്ടി ഇങ്ങനെയൊരു താമസസ്ഥലം അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്ന് എംഎൽഎ പറഞ്ഞു.
റവം പോലീസ് എത്തി ശ്യാം സുന്ദറിനെ വൈദ്യപരിശോധന നടത്തി. ഇതു സംബന്ധിച്ച് ആർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല.ഇതരസംസ്ഥാന തൊഴിലാളികൾ ഒരുമിച്ച് കെട്ടിടം മൊത്തമായി വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും ഇവരാണ് ഒപ്പമുള്ളയാളെ നേരത്തെ പട്ടിക്കൂടായി ഉപയോഗിച്ചുവന്നിരുന്നിടത്ത് താമസിപ്പിച്ചതെന്നും കെട്ടിട ഉടമ പറഞ്ഞു.
ഇയാൾക്ക് ഇവിടെത്തന്നെ കെട്ടിടത്തിൽ മെച്ചപ്പെട്ട സൗകര്യത്തിൽ താമസ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ ജൂലി സാബു, വൈസ് ചെയർമാൻ കെ.പി. സലിം എന്നിവർ പറഞ്ഞു.