പയ്യന്നൂര്‍: ഒരുകാലത്ത് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കാണ് പണമൊഴുകിയിരുന്നതെങ്കില് ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളിലേക്കാണ് പണമൊഴുകുന്നത്.കേരളത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ ചെയ്യാനെത്തിയ തൊഴിലാളികളിലൂടെയാണ് ഈ പണമൊഴുക്ക്.അയ്യായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് നിലവില്‍ പയ്യന്നൂര്‍ മേഖലയില്‍ മാത്രമായി ജോലി ചെയ്യുന്നത്.
തദ്ദേശിയര്‍ പിന്തിരിഞ്ഞ തൊഴില്‍ മേഖലകളാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൈയടക്കിയത്. ബംഗാള്‍, കോൽക്കൊത്ത, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്ര, ഒറീസ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പയ്യന്നൂര്‍ മേഖലകളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പയ്യന്നൂരിന്റെ ചെങ്കല്‍ മേഖലയില്‍ മാത്രമായി രണ്ടായിരത്തോളം അന്യദേശ തൊഴിലാളികള്‍ ജോലിചെയ്യുന്നതായി ചെങ്കല്‍ ഉത്പാദക സംഘം സംസ്ഥാന സെക്രട്ടറി കൂടിയായ പയ്യന്നൂര്‍ കണ്ടോത്തെ മണികണ്ഠന് പറയുന്നു. ചെങ്കല്‍ മേഖലയിലെ കല്ല്തട്ട്, മെഷീന് പിടിക്കല്‍ തുടങ്ങി ലോഡിംഗ് വരെയുള്ള എല്ലാ തൊഴിലുകളും ഇവര്‍ ചെയ്യുന്നു. മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് കര്‍ണാടകക്കാരാണ് കൂടുതല്‍ വേതനത്തിനുള്ള ജോലി ചെയ്യുന്നത്.
1000 മുതല്‍ 1400 രൂപ വരെയാണ് ഇവര്‍ പ്രതിദിനം ജോലി ചെയ്ത് സമ്പാദിക്കുന്നത്. കെട്ടിട നിര്‍മാണ മേഖലയിലെ കല്ലുകെട്ട്, കോണ്‍ക്രീറ്റ്, തേപ്പ്, ടൈലുകളും മാര്‍ബിളുകളും പതിക്കല്‍, വെല്‍ഡിംഗ്, പെയിന്റിംഗ് എന്നീ മേഖലകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ സജീവ സാന്നിധ്യമാണുള്ളത്.
വര്‍ക്ക്ഷോപ്പിലെ മെക്കാനിക്കല്‍ ജോലികള്‍, ഹോട്ടലുകളിലെ പാചകം മുതല്‍ സപ്ലൈ വരെയുള്ള ജോലികള്‍, കൃഷിപ്പണികള്‍ എന്നിങ്ങനെ മൂവായിരത്തോളം തൊഴിലാളികള്‍കൂടി പയ്യന്നൂര്‍ മേഖലയിലുണ്ട്. കഠിനാധ്വാനികളായ ഇവര്‍ അപൂര്‍വ്വമായി മാത്രമേ അവധിയെടുക്കൂ എന്നതിനാല്‍ തൊഴിലുടമകളും സംതൃപ്തരാണ്.
മാസത്തില്‍ ഇരുപത്താറ് ദിവസത്തെ വേതനം കണക്ക് കൂട്ടിയാല്‍തന്നെ പയ്യന്നൂര്‍ മേഖലയില്‍നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് പ്രതിമാസം 13 കോടിയോളം രൂപയാണ്.