കൊച്ചി: “ലോക്ക് ഡൗണിനു മുമ്പുവരെ നല്ലൊരു തുക നാട്ടിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ അതിനു സാഹചര്യമില്ല. എന്നിരുന്നാലും ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ്.
കേരളത്തെ ഞങ്ങള്‍ സ്നേഹിക്കുന്നു’ -തങ്ങളെ സന്ദര്‍ശിച്ച ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിനോട് അതിഥിത്തൊഴിലാളികൾക്കു പറയാൻ കാര്യമായ പരാതികളൊന്നുമില്ലായിരുന്നു. പെരുമ്പാവൂരിലെ നാസ് പ്ലൈവുഡ് ഫാക്ടറിയുടെ കീഴിലുള്ള ക്യാന്പിലായിരുന്നു കമ്മീഷണറുടെ സന്ദർശനം.
കമ്യൂണിറ്റി കിച്ചണ്‍ വഴിയും മറ്റും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ഇവിടത്തെ തൊഴിലാളികൾ പറഞ്ഞു. 180 തൊഴിലാളികളാണ് ഇവിടെയുള്ളത്. ക്യാമ്പിന്റെ സൗകര്യങ്ങള്‍ വിലയിരുത്തിയ കമ്മീഷണര്‍ സാമൂഹിക അകലം പാലിക്കണമെന്നു തൊഴിലാളികളോടു നിര്‍ദേശിച്ചു.
പെരുമ്പാവൂര്‍ കിറ്റെക്സിലെ തൊഴിലാളി ക്യാന്പിലും കമ്മീഷണര്‍ സന്ദര്‍ശനം നടത്തി. ആസാം, ഒറീസ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ പാര്‍ക്കുന്ന പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളിലെ ക്യാമ്പിലെത്തിയ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസിലെ ഹെല്‍പ്പ് ഡസ്കിലോ സംസ്ഥാന കോള്‍ സെന്ററിലോ അറിയിക്കണമെന്നു നിര്‍ദേശം നല്കി. മൂവാറ്റുപുഴയില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളും കമ്മീഷണര്‍ സന്ദര്‍ശിച്ചു.
അതിഥിത്തൊഴിലാളികളുടെ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ് കുമാര്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ മുഹമ്മദ് സിയാദ് എന്നിവരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഒപ്പമുണ്ടായിരുന്നു.