മലപ്പുറം: ലോക്ഡൗൺ ലംഘിച്ച് മലപ്പുറം ചട്ടിപ്പറമ്പിൽ അതിഥി തൊഴിലാളികളുടെ പ്രകടനം. നാട്ടിലേക്കു മടങ്ങണമെന്ന ആവശ്യവുമായാണ് വ്യാഴാഴ്ച രാവിലെ തൊഴിലാളികൾ പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി.
മുദ്രാവാക്യങ്ങളുമായി നൂറോളം അതിഥി തൊഴിലാളികളാണ് റോഡിലിറങ്ങി പ്രതിഷേധിച്ചത്. അനധികൃതമായി സംഘം ചേര്‍ന്നതിനു നിരവധി പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഭക്ഷണം കിട്ടുന്നുണ്ട്. വീടുകളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
ഡിവൈഎസ്പിയും മൂന്നു സ്റ്റേഷനിലെ എസ്ഐമാരും അടക്കമുള്ള പോലീസുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. അതിഥി തൊഴിലാളികൾ ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങിയതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്.