വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ പരാക്രമം കാണിച്ച് യാത്രക്കാരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ഇതരസംസ്ഥാനക്കാരനെ വടക്കാഞ്ചേരി പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. വടക്കാഞ്ചേരി എസ്ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്രമിയെ കീഴ്പ്പെടുത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ബംഗാൾ സ്വദേശി ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസിനു മുന്നിൽ ചാടുകയായിരുന്നു. ട്രെയിനിന്റെ അടിയിൽപ്പെട്ട് തല പൊട്ടിയെങ്കിലും മറ്റു പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ട ഇയാൾ റെയിൽവേ സ്റ്റേഷനിൽ പരാക്രമം തുടങ്ങി.
ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് എത്തിയതോടെ റെയിൽവേ സ്റ്റേഷനു സമീപം കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിലേക്ക് ഓടിക്കയറി കല്ലുകൾ പെറുക്കി പോലീസിനും യാത്രക്കാർക്കും ട്രെയിനിനും നേരെ എറിയാൻ തുടങ്ങി. ഇതോടെ ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമം ദുഷ്കരമായി.
വെള്ളംനൽകിയും വീട്ടുകാരെ വിളിച്ചും മറ്റും ഇയാളെ അനുനയിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മണിക്കൂറുകളോളം ഇയാൾ കല്ലേറു തുടർന്നു.പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി ഹെൽമെറ്റും സുരക്ഷാ കവചവും ധരിച്ച് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇതോടെയാണ് രണ്ടുമണിക്കൂറോളം നീണ്ട ആശങ്കയ്ക്ക് വിരാമമായത്.