തിരുവനന്തപുരം: അതിഥിത്തൊഴിലാളികളുമായി തിരുവനന്തപുരത്തു നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് ഉച്ചക്ക് രണ്ടിന് ജാർഖണ്ഡിലെ ഹാതിയയിലേക്ക് പുറപ്പെടുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.
1,200 പേരെയാണ് അയക്കുന്നത്. വൈദ്യ പരിശോധനയടക്കം നടത്തി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാകും ഇവരെ അയക്കുക. രോഗലക്ഷണമുള്ളവരെ അയക്കില്ല.
പരിശോധനയ്ക്കും രജിസ്ട്രേഷനുമായി പോലീസ്, ആരോഗ്യ പ്രവർത്തകർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തുന്നുണ്ട്. ഉച്ചയോടെ നടപടികൾ പൂർത്തിയാകുമെന്നും കളക്ടർ അറിയിച്ചു.