നാദാപുരം: പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് താമസിപ്പിച്ച നാദാപുരം പഞ്ചായത്തിലെ മൂന്ന് കെട്ടിടങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി. മലീമസമായ ചുറ്റുപാടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന മൂന്ന് കെട്ടിട ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസും നല്കി.
നാദാപുരം ബസ് സ്റ്റാൻഡിന് പിന്‍വശത്തെ ഷെഡും പോലീസ് സ്റ്റേഷന് പിന്‍വശത്തെ പുതിയോട്ടില്‍ ക്വാർട്ടേഴ്സ്, കല്ലാച്ചിയിലെ പഴയ ട്രഷറിക്കടുത്ത ഐശ്വര്യ ക്വാർട്ടേഴ്സുമാണ് പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടിയത്. കഴിഞ്ഞ മാസം ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയില്‍ റൂമുകളില്‍ താമസിപ്പിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ പേരെ താമസിപ്പിക്കുന്നതും ആവശ്യത്തിന് ശൗചാലയമില്ലാത്തതുമായ കെട്ടിടവും കെട്ടിടങ്ങള്ക്കുസമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഉടമകളില്‍ നിന്ന് യാതൊരു നീക്കവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് മൂന്ന് കെട്ടിടങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടിയത്.
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കുമ്മങ്കോട് ഭാഗത്ത് പഞ്ചായത്ത് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന മൂന്ന് കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്കി. കുമ്മങ്കോട് ഭജനമഠത്തിന് സമീപത്തെ കെട്ടിട ഉടമ ഭരതന് മലയില്‍, കുമ്മങ്കോട് ടൗണിലെ കെട്ടിട ഉടമയായ സുബൈര്‍ വാണിയൂര്‍, കുഞ്ഞബ്ദുല്ല ഹാജി ഇല്ലത്ത് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
ഇവിടങ്ങളില്‍ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തൊഴിലാളികളെ തൊഴിലാളികളെ താമസിപ്പിച്ചതായി കണ്ടെത്തുകയും കൂടാതെ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ തൊഴിലാളികളെ താമസിപ്പിക്കുന്നതായും കണ്ടെത്തി.
ഈ കെട്ടിടങ്ങളില്‍ മാലിന്യസംസ്കരണത്തിന് സൗകര്യങ്ങളും ശുചിത്വ നിലവാരവും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ഈ കെട്ടിടങ്ങളിലെ താമസക്കാരെ ഏഴ് ദിവസത്തിനകം ഒഴിപ്പിക്കണമെന്നും അല്ലാത്ത പക്ഷം കെട്ടിടങ്ങള്‍ പഞ്ചായത്ത് അടച്ചുപൂട്ടുമെന്നും അധികൃതര്‍ പറഞ്ഞു.
നാദാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്ത് ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.