സ്വന്തം ലേഖകന്‍
തൃശൂര്‍: തൃശൂരിലെ അതിഥി തൊഴിലാളികളെ ഡിഐജിയടക്കമുള്ളവര് നേരിട്ടെത്തി കണ്ടു. ഇന്നുരാവിലെ കുട്ടനെല്ലൂരിലെ ബൈപാസിന് സമീപമുള്ള അടിപ്പാതയ്ക്കരികില് വെച്ചാണ് ഡിഐജി സുരേന്ദ്രന് ഇവരെ കണ്ടത്.
അതിഥി തൊഴിലാളികള്‍ സാധാരണയായി കൂട്ടംകൂടാറുള്ള സ്ഥലമാണിത്. കഴിഞ്ഞ ദിവസം കോട്ടയത്ത് അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങി പ്രശ്നമുണ്ടാക്കിയ സാഹചര്യത്തിലാണ് ഡിഐജി നേരിട്ടെത്തി തൃശൂരിലെ തൊഴിലാളികളുമായി സംസാരിച്ചത്.
തൃശൂരില്‍ അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.
നാട്ടില്‍ പോകാന്‍ തത്ക്കാലം നിര്‍വാഹമില്ലെന്നും ഇപ്പോള്‍ കഴിയുന്നിടത്തു തന്നെയോ അല്ലെങ്കില്‍ തങ്ങളൊരുക്കുന്ന സ്ഥലത്തോ താമസിക്കുകയേ നിര്‍വാഹമുള്ളൂവെന്നും അധികൃതര്‍ തൊഴിലാളികളോടു പറഞ്ഞു. എങ്ങിനെയും നാട്ടിലേക്ക് പോകണമെന്ന ആവശ്യം തന്നെയാണ് തൊഴിലാളികള്‍ ഡിഐജി അടക്കമുള്ളവര്‍ക്കു മുന്നില്‍ ഉന്നയിച്ചത്.
അതിഥി തൊഴിലാളികളെ കൊണ്ടുവന്ന കരാറുകാര്‍ക്ക് ഇവരുടെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഡിഐജി വ്യക്തമാക്കി.
അതിഥി തൊഴിലാളികള്‍ പോലീസിന്റെ നിരീക്ഷണത്തില്‍
തൃശൂര്‍: കോട്ടയത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതിഥി തൊഴിലാളികള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍. ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങുകയോ കൂട്ടമായി സഞ്ചരിക്കുകയോ ചെയ്യുന്നത് അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇതൊഴിവാക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് വേണ്ടതായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവര്‍ക്ക് പുറത്തിറങ്ങി നടക്കേണ്ട ആവശ്യമില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തദ്ദേശഭരണസ്ഥാപനങ്ങള്‍ സജ്ജമാക്കിയ ക്യാമ്പുകളും കമ്യൂണിറ്റി കിച്ചനുമെല്ലാം അതിഥി തൊഴിലാളികളെ കൂടി ഉദ്ദേശിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആരെങ്കിലും പറയുന്നതു കേട്ട് റോഡിലിറങ്ങരുതെന്നും വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.