കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികളുടെ പേരിൽ പുതിയ സംഘടന രൂപീകരിച്ചു. കേരള മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയാണ് പുതിയ സംഘടന രൂപീകരിച്ചത്. ഇന്നലെ കോട്ടയത്ത് നടന്ന യൂണിയന്റെ പ്രഥമ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലെയും സാന്നിധ്യമായ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സർക്കാർ പ്രത്യേക നിയമ പരിരക്ഷ ഉറപ്പ് വരുത്തണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളില്ലാതെ ഇന്ന് കേരളത്തിലെ ഒരു ദിവസവും മുന്നോട്ട് ചലിക്കില്ലെന്നതാണ് വസ്തുത.
എന്നിട്ടും മിനിമം കൂലി നിയമപരിരക്ഷയിലൂടെ ഉറപ്പാക്കിയ കേരളത്തിൽ നാമമാത്രമായ കൂലിയും ആവശ്യത്തിനു അടിസ്ഥാന സൗകര്യവും നൽകാതെ ഇത്തരക്കാരെ ചൂഷണം ചെയ്യുകയാണെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. യോഗത്തിൽ എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജെ. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ, കെ. വിജയൻപിള്ള, ഡോ. ബിജു കൈപ്പാറേടൻ, പി.കെ. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ തൊഴിലാളികളുടെ പ്രകടനവും നടന്നു.
സംഘടനയുടെ ഭാരവാഹികളായി വാഴൂർ സോമൻ (പ്രസിഡന്റ്), ബിനു ബോസ് (ജനറൽ സെക്രട്ടറി) കെ. വിജയൻപിള്ള (വർക്കിംഗ് പ്രസിഡന്റ്), ബ്രിജേഷ് ബാബു, സൂര്യ ബിനോയ്, പി.കെ. ചന്ദ്രശേഖരൻ, അബ്ദുള്ള പായിപ്പാട് (ബംഗാൾ), സുരേന്ദ്രൻ റുക്കയ (ഹരിയാന), ബോബി തോമസ് (വൈസ് പ്രസിഡന്റുമാർ), പി.കെ. ജോഷി, അഷറഫ് വാടാനപ്പള്ളി, ജിതേന്ദ്രർ കുമാർ (ബീഹാർ), മോഹൻലാൽ (ബീഹാർ), ഡോ. ബിജു കൈപ്പാറേടൻ, ഡി. കനി (തമിഴ്നാട്), സുശാന്ത് റോയ് (ബംഗാൾ) (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തുആസാം, ഒറീസ, ബിഹാർ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളുടെ ക്യാന്പുകൾ സന്ദർശിച്ചാണു പ്രാദേശിക നേതാക്കൾ തൊഴിലാളികളെ യൂണിയനിൽ ചേർത്തത്.