എം.സുരേഷ്ബാബു
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഭീതി പരത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം. സൈബർ സെല്ലും സൈബർ ഡോമും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്ട്സ് ആപ്പ് നന്പരുകളിൽ ലഭിച്ച സന്ദേശങ്ങൾ കൂടുതൽ തൊഴിലാളികളിലേക്ക് അവർ തന്നെ പരസ്പരം പ്രചരിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നതെന്ന് മനോജ് ഏബ്രഹാം പറഞ്ഞു.
അന്വേഷണത്തോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ ആശങ്ക അകറ്റാനുള്ള നടപടികളും കൈക്കൊണ്ട് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് പുറത്ത് നിന്നാണ് ഭീതിജനിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചതെന്നാണ് തൊഴിലാളികളുമായി നടത്തിയ ആശയവിനിമയത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് പോലീസിന്റെ ഭാഗത്ത് നിന്നും എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശങ്ങളുടെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരളത്തിൽ സുരക്ഷിതത്വം ഇല്ലെന്നും പലരെയും കൊലപ്പെടുത്തുന്നുവെന്ന വിധത്തിലുമായിരുന്നു വ്യാജ സന്ദേശങ്ങൾ പ്രചരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ അപകടത്തിൽപ്പെട്ടവരുടെയും ആത്മഹത്യ ചെയ്തവരുടെയും ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങൾ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകളിൽ വാട്ട്സ് ആപ് സന്ദേശങ്ങളിലൂടെ പ്രചരിച്ചത്.
ഇതേ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകാൻ തയാറെടുത്തിരുന്നു. തൊഴിലാളികളുടെ ആശങ്ക സർക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെ വാർത്താസമ്മേളനം വിളിച്ച് ചേർത്ത് പ്രചാരണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അന്വേഷണം നടത്താനും ഡിജിപി ഉത്തരവിട്ടിരുന്നു.
കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൂർണ സുരക്ഷയാണെന്നും കേരളത്തിലെ ജനങ്ങൾ സൗഹാർദ്ദപരമായാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തുന്നവരോട് പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക്് മനസിലാകുന്നതിനായി ഡിജിപി ലോക്നാഥ് ബെഹ്റ ബംഗാളി, ഹിന്ദി ഭാഷകളിലൂടെയാണ് കാര്യങ്ങൾ വിശദമാക്കിയത്. ു