കോഴിക്കോട്: കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരല്ലെന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെ പിടികൂടാൻ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം. ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണ് നന്പറുകൾ ശേഖരിച്ച് പരിശോധിക്കുകയാണ് പോലീസ്.
വാട്ട്സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്താൻ നിരവധി ഫോണ് നന്പറുകളാണ് പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സന്ദേശം കൈമാറിയ ഏതാനും പേരെ ഇന്നലെ പോലീസ് കണ്ടെത്തി. ഇവർ സന്ദേശം കൈമാറിയ ഗ്രൂപ്പുകളെയും മറ്റ് വ്യക്തികളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതരദേശക്കാരിൽ ചിലർ കേരളത്തിലെത്തിയപ്പോൾ ജോലി ലഭിച്ചില്ലെന്നും ഇത്തരത്തിൽ ജോലി ലഭിക്കാത്തവർ പ്രചരിപ്പിച്ച വ്യാജ സന്ദേശമാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ജോലി ലഭിക്കാത്തവർ ഇത്തരം സന്ദേശം പ്രചരിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് തൊഴിലാളികളും സമ്മതിക്കുന്നു. അതിനിടെ നാട്ടിലേക്ക് തിരിച്ചു പോകുന്നവരുടെ എണ്ണത്തിന് ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് തൊഴിലുടമകൾ പറയുന്നു. ദീപാവലി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഉടമകളെ അറിയിച്ചാണ് ഇന്നലെ പലരും നാട്ടിലേക്ക് തിരിച്ചത്. ദീപാവലി കഴിയുന്നതോടെ ഇവർ തിരിച്ചെത്തുമെന്ന ഉറപ്പ് തൊഴിലാളികൾ ഉടമകൾക്ക് നൽകിയിട്ടുണ്ടെന്നും അവർ പറയുന്നു.
വ്യാജ സന്ദേശം കൈമാറിയത് പരിശോധിക്കാൻ ഇതരദേശക്കാരുടെ ഫോണുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് വലിയ തോതിൽ പരിശോധിക്കുന്നുണ്ട്. കോഴിക്കോട് ടൗണ് പോലീസിനു ലഭിച്ച പരാതിയെ തുടർന്നാണ് വാട്സ് ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സൈബർസെല്ലിനെ ചുമതലപ്പെടുത്തിയത്. പ്രചരിക്കുന്ന ശബ്ദ സന്ദേശം ഭോജ്പൂരി ഭാഷയിൽ ആയതിനാൽ സന്ദേശം ഉണ്ടാക്കിയത് ബിഹാർ സ്വദേശി ആകുമെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്.
വ്യാജ സന്ദേശം നിമിഷങ്ങൾക്കകം തന്നെ നിരവധി ഗ്രൂപ്പുകളിൽ എത്തിയിട്ടുണ്ട്. ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ വ്യാജ വാർത്ത കൈമാറിയത്. ഈ സാഹചര്യത്തിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുകയെന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം ഏറെ പണിപ്പെട്ടതാണ്. ഉത്തരേന്ത്യയിൽ നിന്നാണു ഇത്തരത്തിലുള്ള സന്ദേശം പ്രചരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
സന്ദേശം ലഭിച്ചവരിൽ ഭൂരിഭാഗം പേരും മറ്റു ഗ്രൂപ്പുകളിലേക്ക് ഇവ അയച്ചിട്ടുണ്ട്.അതിനാലാണ് നാലു ദിവസത്തിനുള്ളിൽ തന്നെ ഇത്രയും വേഗം സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചരണസന്ദേശം പടർന്നത്. ഇവർക്കെതിരേയും അന്വേഷണമുണ്ടാകും. കേരളം സുരക്ഷിതമല്ലെന്ന തരത്തിൽ വ്യാജ സന്ദേശം കഴിഞ്ഞ അഞ്ചാം തിയതി മുതലാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രചരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്ന ശബ്ദ സന്ദേശമാണ് പ്രചരിച്ചിരുന്നത്.