ആലപ്പുഴ : ആലപ്പുഴയിൽ നിന്നു ട്രെയിൻ മാർഗം യാത്രയാകുന്ന അതിഥി ത്തൊഴിലാളികൾക്കുള്ള യാത്ര കൂലി നൽകാൻ സന്നദ്ധരായി ആലപ്പുഴ ഡി സി സി.
എന്നാൽ സർക്കാർ അനുമതിയില്ലാതെ പണം വാങ്ങാൻ കഴിയില്ലെന്നാണ് കലക്ടറിൽ നിന്നും ലഭിച്ചതെന്ന് ആലപ്പുഴ ഡി സി സി പ്രസിഡന്റ് എം. ലിജു രാഷ്ട്രദീപികയോട് പറഞ്ഞു. നിലവിൽ 1,140പേരുടെ ട്രെയിൻ യാത്ര കൂലിയിനത്തിൽ 930 രൂപ വീതം 1, 060, 200 രൂപ അതിഥി തൊഴിലാളികളിൽ നിന്നും കഴിഞ്ഞ ദിവസം തന്നെ ഈടാക്കിയതായും ലിജു വ്യക്തമാക്കി.
സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റ് തുക നൽകാൻ കോൺഗ്രസ് സന്നദ്ധരായത്. ആലപ്പുഴയിൽ നിന്നു യാത്രയാകുന്നവരുടെ തുക എത്രയാണെങ്കിലും നൽകാൻ ഡി സി സി തയാറാണെന്നും ലിജു വ്യക്തമാക്കി. കളക്ടർ തുക സ്വീകരിച്ചില്ലെങ്കിൽ അതിഥിത്തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണ് നീക്കം.
കോൺഗ്രസ് നടപ്പിലാക്കുന്ന ഈ പദ്ധതിക്കെതിരേ മുഖ്യമന്ത്രിയും ആക്ഷേപ രൂപേണ പരാമർശം നടത്തിയിരുന്നു. കേരളത്തിൽ നിന്നു യാത്രയയക്കുന്നവരുടെ കൈയിൽ നിന്നു യാത്രാക്കൂലി ഇടാക്കുന്നുവെങ്കിലും അതു പുറത്തു പറയുന്നില്ലെന്നും ഇടതു സർക്കാർ മഹത്വമെന്ന നിലയിൽ വാഴ്ത്താനാണ് ശ്രമം നടത്തുന്നതെന്നുമാണ് കോൺഗ്രസ് ആക്ഷേപം.
സ്പോൺസർമാരെ കണ്ടെത്തി ഭക്ഷണവും മറ്റും നൽകി വിടുന്ന സർക്കാർ കോൺഗ്രസ് നൽകുന്ന പണം സ്വീകരിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എ. എ. ഷുക്കൂറും പറഞ്ഞു. ട്രെയിൻ ടിക്കറ്റ് നൽകുന്നതിന് ആവശ്യമുള്ള പണം ഡി സി സി കളുടെ കൈവശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.