
കോട്ടയം: കോട്ടയം ജില്ലയിൽനിന്നുള്ള അതിഥിത്തൊഴിലാളികളുടെ ആദ്യസംഘത്തെ ട്രെയിനിൽ സ്വദേശത്തേക്ക് അയച്ചു. പശ്ചിമ ബംഗാളിലെ ന്യൂ കുച്ച് ബിഹാർ സ്റ്റേഷനിലേക്കുള്ള ശ്രമിക് ട്രെയിനിൽ മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ ജില്ലകളിൽനിന്നുള്ള 1463 തൊഴിലാളികളാണ് ഇന്നലെ രാത്രി 6.30ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടത്.
ട്രെയിനിൽ തൊഴിലാളികൾക്ക് മുൻകൂട്ടി അനുവദിച്ചിരുന്ന ഓരോ സീറ്റിലും സാമൂഹിക അകലം ഉറപ്പാക്കി പ്രത്യേക സീറ്റ് നന്പരുകൾ പതിച്ചു. 43 കെഎസ്ആർടിസി ബസുകളിലാണ് ചങ്ങനാശേരി, മീനച്ചിൽ, കോട്ടയം താലൂക്കുകളിൽനിന്നുള്ള തൊഴിലാളികളെ എത്തിച്ചത്.
കോട്ടയത്തേക്ക് പുറപ്പെടും മുന്പുതന്നെ ടിക്കറ്റ് കൈമാറുകയും സീറ്റ് നന്പർ ഏതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
‘നാട്ടിൽ ഇതു വിളവെടുപ്പുകാലം’
ചങ്ങനാശേരി: ‘തങ്ങളുടെ നാട്ടിൽ നെല്ലിന്റെയും ഗോതന്പിന്റെറയും മാന്പഴത്തിന്റെയും വിളവെടുപ്പുകാലമാണ്. നെല്ലും ഗോതന്പും കൊയ്തെടുത്ത് വില്പന നടത്തണം.
വൈക്കോൽ ഉണക്കി സൂക്ഷിക്കണം. മാങ്ങ പറിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കണം. ഇതിലുപരി മക്കളേയും ഭാര്യയെയും മാതാപിതാക്കളെയും കാണണം. ലോക്ക് ഡൗണ് കാലമായതോടെ ജോലിയും വേലയും കുറഞ്ഞു. കയ്യിൽ ആവശ്യത്തിനു പണമില്ല.
നാട്ടിലേക്ക് പോയാൽ വിളവെടുപ്പു കഴിഞ്ഞ് നിലമൊരുക്കി വിതച്ച ശേഷം വരാനാകും. ഞങ്ങൾക്കുള്ള കൃഷിയിടങ്ങളിലെ വിളവെടുപ്പ് ഞങ്ങൾ തന്നെയാണ് ചെയ്യുന്നത്.
ഇതിനാണ് ഞങ്ങൾ നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത്. ’- ഇതു പറഞ്ഞത് ബംഗാളിലേക്ക് സുഹൃത്തുക്കളെ കയറ്റി അയയ്ക്കാൻ എത്തിയ സഹതൊഴിലാളികളായ അനറുൾ ഹക്ക്, മണിരുൾ, ജാവുൽ എന്നിവരാണ്.
ഞങ്ങൾക്ക് കേരളം ഇഷ്മാണ്. ബുദ്ധിമുട്ടുള്ള ഈ അവസരത്തിലും ഞങ്ങൾക്ക് എല്ലാ സഹായങ്ങളും ഇവിടെ ലഭിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. അവസരം ലഭിച്ചാൽ നാട്ടിലേക്ക് പോകാൻ ആഗ്രഹമുണ്ടെനന്നും ഇവർ കൂട്ടിച്ചേർത്തു.