ബംഗളൂരു: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ബംഗളൂരു എഫ്സി ഐഎസ്എൽ ഫൈനലിൽ കടന്നു. ആദ്യപാദത്തിലെ 1-2 ന്റെ തോൽവി കഴിക്കളഞ്ഞ് ആധികാരിക വിജയവുമായാണ് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചത്. മികു, ഡിമാസ്, സുനിൽ ഛേത്രി എന്നിവരാണ് ബംഗളൂരുവിനായി ഗോൾ നേടിയത്.
ലീഗിലെ ടോപ്പർമാരായ ബംഗളൂരുവിനോട് അവസാന നിമിഷംവരെ പൊരുതിയാണ് നോർത്ത് ഈസ്റ്റ് പരാജയം സമ്മതിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ബംഗളൂരുവിന്റെ മൂന്നു ഗോളുകളും. ആദ്യപാദത്തിലെ മുൻതൂക്കവുമായി എതിരാളിയുടെ മൈതാനത്തെത്തിയ നോർത്ത് ഈസ്റ്റ് 72 ാം മിനിറ്റുവരെ ഛേത്രിയേയും സംഘത്തെയും തടഞ്ഞു നിർത്തി. എന്നാൽ ഉദാന്ത സിംഗിന്റെ ഉജ്വല പ്രകടനമാണ് നോർത്ത് ഈസ്റ്റിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്.
72 ാം മിനിറ്റിൽ വലത് വിംഗിലൂടെ ചാട്ടുളിപോലെ കയറിയ ഉദാന്ത ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ് മിക്കു കാൽപാദംകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു.
ഒരു ഗോൾ വീണതോടെ പതറിയ നോർത്ത് ഈസ്റ്റ് തിരിച്ചടിക്കാൻ നടത്തിയ ശ്രമത്തിൽനിന്നാണ് ഉദാന്ത രണ്ടാം ഗോൾ കണ്ടെത്തിയത്. ഗോളിനായി എതിർബോക്സിലേക്ക് നോർത്ത് ഈസ്റ്റ് താരങ്ങൾ കയറിപ്പോയതോടെ മൈതാന മധ്യത്തിൽ പന്ത് ലഭിച്ച ഉദാന്ത അതിവേഗം കുതിച്ചു. നോർത്ത് ഈസ്റ്റ് താരങ്ങളെ ഓടിത്തോൽപ്പിച്ച ഉദാന്ത ഗോളിക്കു മുകളിലൂടെ പന്ത് ചിപ്പ് ചെയ്തു.
എന്നാൽ പോസ്റ്റിൽ തട്ടിത്തെറിച്ച് പന്ത് ബോക്സിലേക്ക്. ഓടിയടുത്ത ഡിമാസ് പന്ത് അനായാസം വലയിലാക്കി. കളിയുടെ ഇഞ്ചുറി ടൈമിൽ ഛേത്രി നോർത്ത് ഈസ്റ്റ് വലയിൽ മൂന്നാം ഗോളും നിക്ഷേപിച്ച് വിജയം ആധികാരികമാക്കി.