കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണാടകയിലുണ്ടായ പ്രക്ഷോഭങ്ങള്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിരുന്നു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കി. ഈ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ആസൂത്രിതനീക്കമായിരുന്നെന്ന വെളിപ്പെടുത്തല്‍. കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത പതിനൊന്ന് പേരില്‍ ഒരാളായ യുവതിയുടേതാണ് ഞെട്ടിക്കുന്ന മൊഴി നല്കിയിരിക്കുന്നത്. സി. ഭാഗ്യ എന്ന 22കാരിയാണ് ലഹളയിലേക്ക് താന്‍ എത്തിപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുന്നത്. 100 രൂപയും ഒരു ബിരിയാണിയും വാഗ്ദാനം ചെയ്താണ് സുഹൃത്തുക്കള്‍ ഇവരെ സമരത്തിന്റെ ഭാഗമാക്കിയതത്രേ.
കൂലിപ്പണി ചെയ്തിരുന്ന ഭാഗ്യയെ തേടി ചിലര്‍ വീട്ടിലെത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. പ്രതിഷേധത്തില്‍ പങ്കാളിയായാല്‍ 100 രൂപയും ബിരിയാണിയും നല്കാമെന്നു പറഞ്ഞിരുന്നതായി മാതാവ് പറയുന്നു. ബസുകള്‍ അഗ്‌നിക്കിരയാക്കിയ കെപിഎന്‍ ഗ്യാരേജിന് സമീപം ഗിരിനഗറില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഭാഗ്യ കഴിയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ മറ്റ് സ്ത്രീകളെയും കാണുന്നുണ്ട്. എന്നാല്‍ ഇവര്‍ അക്രമത്തില്‍ പങ്കാളികളായിരുന്നോ എന്ന് വ്യക്തമല്ല.
ബംഗളൂരുവില്‍ സെപ്തംബര്‍ 12ന് ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട 400 പേരില്‍ ഒരേയൊരു വനിത ഭാഗ്യയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. കാവേരി നദീജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വ്യാപക അക്രമം നടന്നിരുന്നു.