ലോക്ക് ഡൗണ്‍ കാലത്ത് നടന്ന പല പ്രസവങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇപ്പോള്‍ ഡെന്റല്‍ ആശുപത്രിയില്‍ വച്ച് പ്രസവം നടത്തിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പ്രസവം നടത്തിയതാവട്ടെ ഡെന്റല്‍ സര്‍ജനും.
ദിവസവേതനക്കാരനായ യുവാവ് ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭാര്യയെയും കൂട്ടി ഏഴുകിലോമീറ്റര്‍ നടന്നാണ് ആശുപത്രിയില്‍ എത്തിയത്.
ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ 20കാരിയായ പെണ്‍കുട്ടിയുടെ പ്രസവം നടന്നു.
എന്നാല്‍, കുട്ടിക്ക് ജീവന് ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണാഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ രക്ഷപെടുത്താനായിരുന്നു ശ്രമം.
ഇതിനിടയില്‍ അമ്മയ്ക്ക് രക്തസ്രാവമുണ്ടായി. എന്നാല്‍, പിന്നീട് 10 മിനിട്ടിന് ശേഷം കുട്ടിയ്ക്ക് ജീവന്റെ തുടിപ്പുകള്‍ കണ്ടു.
മറ്റ് വഴികള്‍ കാണാഞ്ഞാണ് യുവാവ് ഭാര്യയെയും കൂട്ടി ഡെന്റല്‍ ആശുപത്രിയില്‍ എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു.
ഇരുവരെയും ബംഗളുരുവിലെ കെ.സി ചന്ദ്ര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും സമയോചിതമായ ഇടപെടല്‍ മൂലം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷിച്ച ഡെന്റല്‍ ഡോക്ടറെ അഭിനന്ദിക്കുകയാണ് എല്ലാവരും.