ബംഗളുരു ലഹരിമരുന്ന് കേസിലെ പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം ചോദ്യം ചെയ്യും. ഇവര്‍ക്ക് ശ്രീലങ്കയിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. ശ്രീലങ്കയിലെ ചാവേര്‍ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ടീമാകും ഇക്കാര്യം അന്വേഷിക്കുന്നത്.
ലങ്കയില്‍ നിന്ന് ചാവേറുകളെ കൊണ്ടു വന്ന് സ്ഫോടനം നടത്തനായിരുന്നു ലക്ഷ്യം. തമിഴ്നാട്ടിലേയും കേരളത്തിലേയും മത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ശ്രീലങ്കയില്‍ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ തീവ്രവാദ സന്ദേശങ്ങള്‍ ഇവരില്‍ ചിലര്‍ പ്രചരിപ്പിച്ചതായി എന്‍ഐഎയ്ക്കു തെളിവുകള്‍ ലഭിച്ചിരുന്നു.
ശ്രീലങ്കന്‍ സ്ഫോടനത്തില്‍ കേരളത്തില്‍ നിന്നാര്‍ക്കെങ്കിലും നേരിട്ട് ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പര്യാപ്തമായ ഒരു തെളിവും ഇതുവരെ കിട്ടിയില്ല. ഇതിനിടെയാണ് മയക്കുമരുന്ന് കേസ് ഉയര്‍ന്നു വന്നത്. ഇതോടെയാണ് അന്വേഷണം വീണ്ടും എന്‍ഐഎ ശക്തമാക്കുന്നത്.
ശ്രീലങ്കന്‍ സ്ഫോടനങ്ങളിലെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കര്‍, കാസര്‍ഗോഡ് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്, നായന്മാര്മൂലയിലെ അബൂബക്കര്‍ സിദ്ദിഖ് എന്നിവരെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിരുന്നു.
കസ്റ്റഡിയിലായവര്‍ക്ക് ശ്രീലങ്കയിലെ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നു കണ്ടെത്താനായിട്ടില്ലെങ്കിലും ശ്രീലങ്കയിലെ സ്ഫോടനത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചില രഹസ്യസന്ദേശങ്ങള്‍ കോയമ്പത്തൂരിലും കേരളത്തിലുമുള്ളവര്‍ പരസ്പരം പങ്കുവച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
റിയാസ് അബൂബക്കറിന് തൗഹീദ് ജമാഅത്ത് തമിഴ്നാട് ഘടകവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. സഹ്രാന്‍ ഹാഷിമിന്റെ തീപ്പൊരി പ്രസംഗങ്ങളുടെ വീഡിയോ കേരളത്തിലും തമിഴ്നാട്ടിലും ചില യുവാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതും മയക്കുമരുന്ന് കേസില്‍ നിര്‍ണ്ണായകമാകുന്നുണ്ട്.
മയക്കുമരുന്ന് കേസില്‍ പിടിയിലായ ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി നടത്തിയ ശ്രീലങ്കന്‍ യാത്രകളുടെ വിവരം അന്വേഷണ സംഘം ശേഖരിച്ചു. 2019 ഏപ്രില്‍ 21നാണ് കൊളംബോയിലും പരിസരത്തും ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ എട്ട് സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനമുണ്ടായത്.
ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കല്‍ നിന്നു പിടികൂടിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയില്‍ സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഇടപെടല്‍.
ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാന്‍ ഹാഷിം മൂന്നു വര്‍ഷം മുമ്പ് ബംഗളുരു സന്ദര്‍ശിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഹാഷിമിനെ പിന്തുടര്ന്നിരുന്ന യുവാക്കളെ എന്‍ഐഎ പല തവണ ചോദ്യം ചെയ്തു. ഈ കേസുകള്‍ക്കുള്ള കേരള ബന്ധവും ഗൗരവത്തോടെ കാണും.
ശ്രീലങ്ക വഴി കടല്‍മാര്‍ഗം ഇന്ത്യയിലേക്കു വന്‍തോതില്‍ ലഹരിമരുന്നു കടത്തുന്നതും കേരളത്തില്‍ നിന്നു യുവാക്കള്‍ ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ലഹരി പാര്‍ട്ടികളില്‍ സംബന്ധിക്കുന്നതും അതീവ ഗൗരവത്തോടെയാണ് എന്‍ഐഎ കാണുന്നത്. ഇതിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ടെന്നാണ് വിലയിരുത്തല്‍.
കന്നഡ നടി അയ്ന്ദ്രിത റേ, ഭര്‍ത്താവും നടനുമായ ദിഗന്ത് എന്നിവര്‍ ശ്രീലങ്കയിലെ കാസിനോകളില്‍ സ്ഥിരം പോയിരുന്നതായി വിവരമുണ്ട്. ഇവരെ കഴിഞ്ഞ ദിവസം നാലു മണിക്കൂര്‍ നേരമാണ് ബംഗളുരു പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കൂടുതല്‍ സിനിമാതാരങ്ങള്‍ക്ക് ലഹരിറാക്കറ്റുമായി ബന്ധമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.