കൊല്ലം: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെയും അവർക്ക് സഹായം നൽകുന്നവരെയും പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രനിർദേശം.
ഇത്തരം കേസുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേസുകൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി അന്വേഷിക്കണം എന്നാണ് പ്രധാന നിർദേശം.
മാത്രമല്ല ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട ആധാറും മറ്റ് രേഖകളും സൃഷ്ടിക്കുന്നതിന് കുടിയേറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്തി കർശന നപടികൾ എടുക്കുകയും വേണം. ചിലർ ഇന്ത്യൻ പാസ്പോർട്ടും ആധാറും തരപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കടന്നതായും ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരക്കാർ അധികകാലം ഇന്ത്യയിൽ താമസിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലുള്ള കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കുകയാണ് മന്ത്രാലയം.കുടിയേറ്റക്കാർക്ക് അനധികൃത രേഖകൾ നിർമിച്ച് നൽകിയവരെയും കേസിൽ പ്രതികളാക്കണമെന്നും നിർദേശത്തിലുണ്ട്. സംശയാസ്പദമായ എല്ലാ ആധാർ കാർഡുകളും പുനപരിശോധനയ്ക്ക് അയയ്ക്കണം. ആധാർ ജനറേഷനു വേണ്ടി സമർപ്പിക്കുന്ന രേഖകളുടെ സൂഷ്മ പരിശോധനയും ഇതിൽ ഉൾപ്പെടുത്തണം.
സംശയാസ്പദമായ രേഖകളിൽ ആധാർ പരിഷ്കരിക്കാനോ പുതിയത് എടുക്കാൻ ശ്രമിക്കുന്നതോ ആയ ആൾക്കാരെ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കാൻ എല്ലാ ആധാർ കേന്ദ്രങ്ങൾക്കും നിർദേശങ്ങൾ കൈമാറണം. നിയമവിരുദ്ധ ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തിയാൽ അവരെ തടങ്കൽ കേന്ദ്രത്തിൽ സൂക്ഷിക്കണം. മാത്രമല്ല വിവരം ഉടൻ എഫ്ആർആർഒ ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം.
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 ജനുവരി മുതൽ 2025 ജനുവരി വരെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽനിന്നു മാത്രം 2,601 ബംഗ്ലാദേശി പൗരന്മാരെ പിടികൂടുകയുണ്ടായി. ഇതിന്റെ എത്രയോ ഇരട്ടി കുടിയേറ്റക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൂർണമായും കണ്ടെത്തുന്ന നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.
- എസ്.ആർ. സുധീർ കുമാർ