ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ തയാറെടുക്കുന്നതിനിടെ ഇന്ത്യന്‍ ടീമിനെയും കളിക്കാരെയും അധിക്ഷേപിച്ചുകൊണ്ട് ബംഗ്ലാദേശ് ആരാധകര്‍. ഇന്ത്യന്‍ ടീമിനെയും കളിക്കാരയും അപമാനിക്കുന്ന തരത്തില്‍ വിവിധ ഫോട്ടോകളാണ് ബംഗ്ലാ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
ഇതില്‍ ഇന്ത്യന്‍ പതാക ധരിച്ച പട്ടിക്ക് മുകളിലേക്ക് ബംഗ്ലാദേശിന്റെ പതാക പതിച്ച കടുവ ചാടി വീഴുന്ന ചിത്രം ഏറെ ചര്‍ച്ചയായി. സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായ ചിത്രത്തിനെതിരേ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ബംഗ്ലാ ആരാധകരുടെ പ്രകോപനത്തിന് കളിക്കളത്തില്‍ ടീം ഇന്ത്യ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് കൂടുതല്‍ ഇന്ത്യന്‍ ആരാധകരും.
ഇത് ആദ്യമായല്ല ഇന്ത്യക്കാരെ അപമാനിക്കുന്ന രീതിയില്‍ ബംഗ്ലാദേശുകാര്‍ പോസ്റ്റുകളിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പ് ഫൈനലിന് മുന്‍പ് മഹേന്ദ്രസിംഗ് ധോണിയുടെ തല വെട്ടിയെടുത്ത രീതിയില്‍ പിടിച്ചു നില്ക്കുന്ന തസ്കിന് അഹമ്മദിന്റെ ചിത്രവും വിവാദമായിരുന്നു.
2015ല്‍ കട്ടറിന്റെ വ്യാജ പരസ്യം നല്കി ബംഗ്ലാദേശി പത്രവും ഇന്ത്യന്‍ താരങ്ങളെ അപമാനിച്ചിരുന്നു. ധോണി, കോഹ്ലി, ധവാന്, രഹാനെ, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ മുടി പകുതി വടിച്ചു നില്ക്കുന്ന രീതിയിലുള്ള ചിത്രമായിരുന്നു അത്.