ധാക്ക: ബംഗ്ലാദേശിന്റെ ഏറ്റവും പ്രധാന സുഹൃത്താണ് ഇന്ത്യയെന്നു പ്രധാനമന്ത്രി ഷേഖ് ഹസീന. തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായിട്ടാണ് അവർ ഇതു പറഞ്ഞത്.
ബംഗ്ലാദേശ് രൂപംകൊണ്ട 1971ലും ബംഗ്ലാദേശ് സ്ഥാപകനും സ്വന്തം പിതാവുമായ മുജീബുർ റഹ്മാൻ വധിക്കപ്പെട്ട സമയത്തും ഇന്ത്യയാണ് ഒപ്പമുണ്ടായിരുന്നത്. എന്റെ കുടുംബത്തിന് അഭയം നല്കിയത് ഇന്ത്യണ്. മികച്ച ബന്ധമാണ് ഇന്ത്യയുമായിട്ടുള്ളത്. പല പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം ഉഭയകക്ഷിതലത്തിൽ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഹസീന കൂട്ടിച്ചേർത്തു.
300 അംഗ പാർലമെന്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി 223 സീറ്റുകളിലും ജയിച്ചു. പ്രതിപക്ഷ ജാതീയ പാർട്ടി പതിനൊന്നിലും ബംഗ്ലാദേശ് കല്യാൺ പാർട്ടി ഒരു സീറ്റിലും ജയിച്ചു. 62 ഇടത്ത് സ്വതന്ത്രർക്കാണു ജയം.
മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. വോട്ടർമാർ പൊതുവേ അവഗണിച്ച തെരഞ്ഞെടുപ്പിൽ 40 ശതമാനം മാത്രമായിരുന്നു പോളിംഗ്.
ഹസീന മൊത്തത്തിൽ അഞ്ചാം തവണയും തുടർച്ചയായ നാലാം തവണയുമാണു പ്രധാനമന്ത്രിയാകുന്നത്. 1996 മുതൽ 2001 വരെയും 2009 മുതലുമാണ് അവരുടെ ഭരണം.