ധാക്ക: കലാപം അരങ്ങേറിയ ബംഗ്ലാദേശിൽ സമാധാന നൊബേൽ സമ്മാന ജേതാവ് പ്രഫ. മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും. രാത്രി എട്ടിനാണു സത്യപ്രതിജ്ഞ. പാരീസിൽ ആയിരുന്ന മുഹമ്മദ് യൂനുസ് ഇന്ന് ഉച്ചയ്ക്ക് 2.10ന് ധാക്കയിൽ വിമാനമിറങ്ങുമെന്നാണ് വിവരം. യൂനുസ് നയിക്കുന്ന മന്ത്രിസഭയിൽ 15 അംഗങ്ങൾ ഉണ്ടാകുമെന്ന് സൈനിക മേധാവി ജനറൽ വാഖർ ഉസ് സമാൻ അറിയിച്ചു.
മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്നു പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹബുദീൻ ആണ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനായി പ്രഖ്യാപിച്ചത്. സംവരണവിരുദ്ധ പ്രതിഷേധം ശക്തമായതോടെ ഷേഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്കു കടന്നതോടെയാണ് ഇടക്കാല സർക്കാർ അധികാരത്തിലെത്തുന്നത്.
അക്രമങ്ങൾ നിയന്ത്രിക്കണമെന്നും സമാധാനം പാലിക്കണമെന്നും യൂനുസ് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിൽ വിദ്യാർഥി പ്രതിനിധികളുടെ താൽപര്യങ്ങൾക്കുതന്നെയാണ് മുൻതൂക്കം. ജയിൽ മോചിതയായ മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണൽ പാർട്ടി നേതാവുമായ ഖാലിയ സിയ വിദ്യാർഥി പ്രക്ഷോഭങ്ങളെ പ്രകീർത്തിച്ചു. മൂന്ന് മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അതേസമയം രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഹസീന ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണ്. ലണ്ടനിലടക്കം രാഷ്ട്രീയ അഭയം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അവർ മറ്റ് രാജ്യങ്ങളിലേക്ക് ശ്രമം തുടരുകയാണെന്നാണു റിപ്പോർട്ട്. രാഷ്ട്രീയ അഭയം ഏതെങ്കിലും രാജ്യത്ത് ലഭിക്കുന്നതുവരെ അഭയം നൽകാമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചതായും വിവരമുണ്ട്.