ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒരു ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശിൽ എത്തി. രാവിലെ ഒന്പതോടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മിസ്രിയും ഉദ്യോഗസ്ഥസംഘവും ധാക്ക വിമാനത്താവളത്തിൽ എത്തിയത്.
ഷേഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച് പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് ഡൽഹിയിൽനിന്ന് ഉന്നത ഉദ്യോഗസ്ഥൻ ധാക്കയിലെത്തുന്നത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ഹിന്ദു ന്യൂനപക്ഷങ്ങൾക്കുനേരേ നടക്കുന്ന അക്രമങ്ങൾ സംബന്ധിച്ച് ഇന്ത്യയുടെ ആശങ്കകൾ വിദേശകാര്യ സെക്രട്ടറി ഉന്നയിക്കുമെന്നാണു സൂചന.
ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിം ഉദ്ദിനുമായി വിക്രം മിസ്രി ചർച്ച നടത്തും. വിദേശകാര്യ മന്ത്രി മുഹമ്മദ് തൗഹിദ് ഹുസൈനെ കാണുകയും ചെയ്യും. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനസിനെയും സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.