ന്യൂഡൽഹി: ബംഗ്ലാദേശിലെ കലാപത്തെത്തുടർന്നു രാജിവച്ചു രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഡൽഹിയിൽ തുടരുന്നു. അവർ എവിടേക്ക് പോകുമെന്നതിൽ ഇന്നു വ്യക്തതയുണ്ടാകും.ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറോടെ ഷേഖ് ഹസീന ഇറങ്ങിയത്.
ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്നാണു ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഹസീനയുടെ തുടർയാത്ര എങ്ങോട്ടെന്നു വ്യക്തമാക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ബംഗ്ളാദേശിലെ സംഭവങ്ങളിൽ പ്രതികരിക്കാതെ ഇന്ത്യ മൗനം തുടരുകയാണ്.
ഡൽഹിയിലെത്തിയ ഖസീനയെ മകൾ സയിമ വാജേദ് വ്യോമ താവളത്തിൽ എത്തി ഇന്നലെ കണ്ടിരുന്നു. ഡൽഹിയിൽ ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടറാണ് സയിമ. അതിനിടെ ഷേഖ് ഹസീന ഇനി ബംഗ്ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്നു മകൻ സാജിബ് വാജേദ് വ്യക്തമാക്കി.
ഹസീനയുടെ രാജി തീരുമാനം പ്രഖ്യാപിച്ച സേനാമേധാവി ജനറൽ വഖാറുസ്സമാൻ രാജ്യത്തിന്റെ ക്രമസമാധാനച്ചുമതല സൈന്യം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ തെരഞ്ഞെടുപ്പിനെ തുടർന്ന് നിലവിൽ വന്ന പാർലമെന്റ് പ്രഡിഡന്റ് മുഹമ്മദ് ശഹാബുദ്ദീന് പിരിച്ചുവിട്ടിട്ടുണ്ട്.
ഷേഖ് ഹസീനയുടെ രാഷ്ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവുമായ ഖാലിദ സിയയെ മോചിപ്പിക്കാനും പ്രഡിഡന്റ് ഉത്തരവിട്ടു. 78 വയസുള്ള ഖാലിദ സിയയെ ഗ്രാഫ്റ്റ് കേസില്‍ 2018ലാണ് 17 വർഷത്തെ തടവിനു ശിക്ഷിച്ചത്. വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റിലായവരെ മോചിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ബംഗ്ളാദേശിൽ ഇടക്കാല സർക്കാരിന് നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കണമെന്ന് വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടു.സൈനികരും പോലീസും ഒരു തരത്തിലുള്ള വെടിവയ്പ്പിലും ഏർപ്പെടരുതെന്ന് ഉത്തരവിട്ടിട്ടുണ്ടെന്നും വിദ്യാർഥികൾ ശാന്തരായി ഞങ്ങളെ സഹായിക്കണമെന്നും സേനാമേധാവി പറഞ്ഞു.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.1971 ലെ ബംഗ്ലദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിലുണ്ടായിരുന്ന 30 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആരംഭിച്ച വിദ്യാർഥിസമരമാണ് കലാപമായി വളർന്നത്.
സംവരണം സുപ്രീം കോടതി ഇടപെട്ട് അഞ്ചു ശതമാനമായി കുറച്ചതോടെ സംഘർഷത്തിൽ അയവു വന്നിരുന്നെങ്കിലും ഹസീനയുടെ രാജി ആവശ്യപ്പെട്ട് ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരം ശക്തമാകുകയായിരുന്നു. ഹസീനയുടെ രാജിക്കുശേഷവും ബംഗ്ലാദേശില്‍ അതിരൂക്ഷമായ കലാപം തുടരുകയാണെന്നാണു റിപ്പോർട്ട്. വ്യാപക കൊള്ളയും കൊലയുമാണ് ഇവിടെ നടക്കുന്നത്. കലാപത്തെത്തുടര്‍ന്ന് 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 135 പേരാണ്.
പ്രക്ഷോഭം തുടങ്ങിയശേഷം ഇതുവരെ കൊല്ലപ്പെട്ടത് 300 ഓളം പേർ. ഷേഖ് ഹസീനയെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. ഇന്ത്യ-ബംഗ്ലദേശ് അതിർത്തി മേഖലകളിൽ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്. 4,096 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ളത്.