നിരവധി കടുവകളെ കൊന്നൊടുക്കിയ ബംഗ്ലാദേശ് വേട്ടക്കാരന്‍ ടൈഗര്‍ ഹബീബ്(ഹബീബ് താലുക്ദാര്‍-50) അറസ്റ്റില്‍. രഹസ്യ നീക്കത്തിനൊടുവിലാണ് ഇയാളെ ബംഗ്ലാദേശി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20 വര്‍ഷമായി ഇയാളെ പിടികൂടാന്‍ പോലീസ് കിണഞ്ഞു ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇയാള്‍ ഓരോ തവണയും രക്ഷപ്പെടുകയായിരുന്നു.
ഇതിനിടയില്‍ വകവരുത്തിയത് 70 ബംഗാള്‍ കടുവകളെ. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ സുന്ദര്‍ബെന്‍ വനപ്രദേശമായിരുന്നു ഹബീബിന്റെ താവളം.
കടുവകളെ വേട്ടയാടിക്കൊന്ന ശേഷം തോല്‍, എല്ലുകള്‍, മാംസം എന്നിവ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായിരുന്നു രീതി. ഹബീബിന്റെ പിതാവ് കദം അലി കാട്ടുകൊള്ളക്കാരനായിരുന്നു.
പിതാവിന്റെ മാര്‍ഗം പിന്തുടര്‍ന്നാണു ഹബീബ് വേട്ടക്കാരനായി മാറിയത്. കാട്ടിനുള്ളില്‍വച്ച് കടുവയോടു പോരാടാന്‍ ശേഷിയുള്ള അപകടകാരിയായ വേട്ടക്കാരനെന്ന നിലയിലാണ് ഹബീബ് ശ്രദ്ധ നേടിയത്.
ഹബീബിനെ ബഹുമാനിക്കുകയും അതേസമയം ഭയക്കുകയും ചെയ്യുന്നതായി പ്രദേശവാസിയായ അബ്ദുസലാം മാധ്യമങ്ങളോട് പറഞ്ഞു.
മക്കളായ ഹസന്‍(20), മരുമകന്‍ മിസാന്‍(25) എന്നിവരടങ്ങിയതായിരുന്നു അയാളുടെ വേട്ടസംഘം. കടുവയെ കൂടാതെ മാനുകളെയും മുതലകളെയും വേട്ടയാടിയും അയാള്‍ പണമുണ്ടാക്കി.
2004ല്‍ 440 എണ്ണമുണ്ടായിരുന്ന ബംഗാള്‍ കടുവകള്‍ 2015 ആകുമ്പോഴേക്കും 106 ആയി കുറഞ്ഞെന്നാണു വനം വകുപ്പിന്റെ കണക്ക്. 2019ല്‍ എണ്ണം 114 ആയി ഉയര്‍ന്നു. ലോകത്ത് ആകെ 2500ല്‍ താഴെ മാത്രമാണ് കടുവകളുടെ എണ്ണം.