സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് 19 ജാഗ്രത കൂടുതൽ കർശനമാക്കിയതോടെ ജില്ലയിലെ അന്യസംസ്ഥാനക്കാർ കൂട്ടത്തോടെ അവരവരുടെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തുടങ്ങി.
തമിഴ്നാട്ടിൽ നിന്നും വിവിധ ഉപജീവനാർത്ഥം തൃശൂരിലെത്തിയവരാണ് ഇപ്പോൾ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്നത്.
കേരളത്തിൽ ഏതോ ഒരു അസുഖം പടർന്നുപിടിച്ചിരിക്കുകയാണെന്നും ഇവിടെ നിൽക്കുന്നത് അപകടകമാണെന്നും അതിനാൽ എത്രയും വേഗം നാട്ടിലേക്ക് മടങ്ങുന്നതാണ് സുരക്ഷിതമെന്നും തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ഉത്തേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വീട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം വിളിച്ചു പറഞ്ഞതോടെയാണ് അന്യസംസ്ഥാന തൊഴിലാളികൾ തൃശൂരിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും കുടുംബസമേതം പണികൾ മതിയാക്കി തങ്ങളുടെ നാട്ടിലേക്ക് തിരിച്ചിരിക്കുന്നത്.
തൃശൂർ നഗരത്തിൽ തമിഴ്നാട്ടിൽ നിന്നുള്ളവർ താമസിക്കുന്ന പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം രണ്ടു സ്പെഷ്യൽ ബസുകളാണ് തമിഴ്നാട്ടിലേക്ക് പോയത്. അവശേഷിക്കുന്നവർ ട്രെയിനുകളേയും തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി ബസുകളേയും ആശ്രയിക്കുന്നു.
ഇനിയെന്ന് തിരിച്ചുവരുമെന്ന ചോദ്യത്തിന് ഇവരിലാർക്കും വ്യക്തമായ ഉത്തരമില്ല. ഇവിടെ സ്ഥിതി ഓകെ ആകുന്പോൾ വരാം എന്നാണ് പലരിൽ നിന്നും കിട്ടിയ മറുപടി.
തമിഴ്നാട്ടിൽ ഇതുപോലെ അസുഖം ഇല്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും അറിയില്ലെന്നുമായിരുന്നു മറുപടി. കോവിഡ് 19ന്റെ പശ്ചാത്തലത്തിലും അതികഠിനമായ ചൂടു മൂലവും പണികൾ കുറഞ്ഞതും അന്യസംസ്ഥാനക്കാർക്ക് തങ്ങളുടെ ഗൾഫായ ദൈവത്തിന്റെ സ്വന്തം നാട് വിടാൻ പ്രേരണയായിട്ടുണ്ട്.