പാലാ: തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് മുൻകൂർ പണം കൈപ്പറ്റി സാധനം നൽകാതെ തട്ടിപ്പു നടത്തിയ വയനാട് സ്വദേശി പോലീസ് പിടിയിൽ.
വയനാട് പേരിയ മുക്കത്ത് ബെന്നി(43)യാണു പിടിയിലായത്. സംസ്ഥാനത്തുടനീളം ഇയാൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ആറു മാസമായി പാലായിലും സമീപ പ്രദേശങ്ങളിലുംനിന്നും ഇയാൾ തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്നു പറഞ്ഞു പല വീടുകളിൽനിന്നും അഡ്വാൻസായി തുക കൈപ്പറ്റിയിരുന്നു.
പിന്നീട് പറഞ്ഞ സമയത്തിനുള്ളിൽ സാധനം ലഭിക്കാതെ വരുന്പോൾ വിളിക്കുന്ന ആളുകളോട് മോശമായും സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും പതിവായിരുന്നു.
ഇയാളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഓരോ ദിവസവും ഓരോ ജില്ലകളിലൂടെ കറങ്ങി നടന്നു തട്ടിപ്പ് നടത്തിയിരുന്നതിനാൽ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
തുടർന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസ് പ്രതിയെ പിടികൂടാൻ കർശന നിർദേശം നൽകിയിരുന്നു.
2,000 രൂപയോ അതിൽ താഴെയോ മാത്രമേ ഇയാൾ അഡ്വാൻസായി വാങ്ങിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കൂടുതൽ പേർ പരാതിയുമായി പോയിരുന്നില്ല.
സ്ത്രീകൾ മാത്രമുള്ള വീടുകളിലായിരുന്നു ഇയാൾ കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്.
കഴിഞ്ഞ കുറെ നാളുകളായി സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വനിതാ പോലീസ് ചാറ്റ് ചെയ്ത് സൗഹൃദത്തിലായി കാണാനെന്ന വ്യാജേന പാലായിൽ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇയാൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് സമ്മതിച്ചു.
തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരുപ്പുകൾ വാങ്ങി കൂട്ടുന്നതിനും മദ്യപാനത്തിനും മസാജിംഗ് സെന്ററുകളിൽ തിരുമ്മു ചികിത്സയ്ക്കുമായി ചെലവഴിക്കുകയായിരുന്നു.
കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽനിന്നും നിരവധി രസീത് കുറ്റികളും 400 ജോഡി ചെരുപ്പുകളും പോലീസ് കണ്ടെടുത്തു.
സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരേ 10 ജില്ലകളിൽ കേസുകൾ നിലവിലുണ്ട്. ആറുമാസം മുന്പാണ് ഇയാൾ ജയിലിൽനിന്നും ഇറങ്ങിയത്.
മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെതിരേ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് കണ്ണൂർ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീല സംസാരം നടത്തിയതിനും കേസുകൾ നിലവിലുണ്ട്.
ഇയാളെ പിടികൂടിയത് അറിഞ്ഞു കേരളത്തിലെ എല്ലാ ജില്ലകളിലുംനിന്ന് നൂറു കണക്കിന് ഫോണ്കോളുകളാണ് സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്നത്.
ഇയാൾക്കെതിരേ പരാതി ലഭിക്കുന്പോൾ സ്റ്റേഷനിൽനിന്നും വിളിക്കുന്ന പോലീസുകാരെ ചീത്ത വിളിക്കുന്നതും ഇയാളുടെ പതിവായിരുന്നു.
പാലാ എസ്എച്ച്ഒ കെ.പി. തോംസണ്, എസ്ഐ എം.ഡി. അഭിലാഷ്, എഎസ്ഐ ബിജു കെ. തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ, ഹരികുമാർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.