റോക്കറ്റ് വേഗത്തിലുള്ള കുതിപ്പുകളാണ് ശാസ്ത്രലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലൊന്നാണ് നാസ വിക്ഷേപിച്ച ഒസിരിസ്റെക്സ് ഉപഗ്രഹം. ഭൂമിയെ തകര്‍ക്കാന്‍ പ്രാപ്തമായ ബെന്നു എന്ന ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നതിനായി നാസ അയച്ചതാണ് ഒസിരിസ്റെക്സിനെ. ഒസിരിക്സ്റെക്സ് ബെന്നുവിന് സമീപം എത്തിയിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഭൂമിയുമായി വന്നിടിക്കാന്‍ ഏറ്റവും സാധ്യത കല്പിച്ചിരിക്കുന്ന ഛിന്നഗ്രഹങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ബെന്നുവിന്റെ സ്ഥാനം. ഇതിനെ ബഹിരാകാശത്തു വച്ചു തന്നെ ‘സ്ഫോടനത്തിലൂടെ’ തകര്‍ക്കുന്നതിനെപ്പറ്റിയുള്ള ആലോചനകളും നാസയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് ഭൂമിക്കു ഭീഷണിയാകുമോ എന്ന് പഠിക്കാനുള്ള ശ്രമാണ് ഇപ്പോള്‍ നടക്കുന്നത്.
സൂര്യനില്‍ നിന്നുള്ള താപം സ്വീകരിച്ചു യാത്ര തുടരാനുള്ള ബെന്നുവിന്റെ ശേഷിയാണു ഗവേഷകരെ പ്രതിരോധത്തിലാക്കുന്നത്. കരുതിയതിനേക്കാളും വേഗത്തില്‍ ഭൂമിയുടെ സമീപത്തേക്ക് ഇത് എത്തുമോ എന്നറിയുന്നതിനു ബെന്നുവിന്റെ ഘടനയും മനസ്സിലാക്കേണ്ടതുണ്ട്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടങ്ങളിലൊന്നായ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനേക്കാള്‍ പൊക്കമുള്ള ഈ ഛിന്നഗ്രഹത്തില്‍ നിന്ന് സാംപിള്‍ ശേഖരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഒസിരിസിനുള്ളത്. ഈ മാസം പന്ത്രണ്ടോടെ ഒസിരിസ് റെക്സ് ബെന്നുവിലേയ്ക്ക് കൂടുതല്‍ അടുത്തെത്തുകയും അതുവഴി ബെന്നുവിന്റെ ഭൂമിയിലേയ്ക്കുള്ള സഞ്ചാരം തടയുകയും ചെയ്യും. എന്നാല്‍ ഒസിരിക്സ്റെക്സ് പരാജയമായാല്‍ ഭൂമിയെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ മറ്റ് വഴികള്‍ നോക്കേണ്ടതായി വരുമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.