കൊച്ചി: യുഡിഎഫ് കണ്‍വീനർ സ്ഥാനത്തേക്ക് എത്തുന്ന ബെന്നി ബഹനാൻ കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ പ്രസന്നതയുടെയും സൗമ്യതയുടെയും മുഖമാണ്. പാർട്ടിയിലെ രണ്ടാംനിര നേതാക്കളിൽ തലയെടുപ്പുള്ളവരിൽ പ്രമുഖൻ. എ വിഭാഗത്തിന്റെ കരുത്തനായ വക്താവ്.
അതിൽതന്നെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ. ഇടപെടലുകളിൽ സൗമ്യനെങ്കിലും മികച്ച പ്രസംഗകനും നിലപാടുകളിൽ കർക്കശക്കാരനുമാണ് ഈ അറുപത്തിയാറുകാരൻ. പെരുന്പാവൂർ വെങ്ങോല സ്വദേശിയായ ബെന്നി ബഹനാൻ സ്വന്തം നാട്ടുകാരനായ പി.പി. തങ്കച്ചന്റെ പിൻഗാമിയായാണു യുഡിഎഫ് മുന്നണിയുടെ അമരത്തെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇരുവരുടെയും തറവാട് വീടുകൾ തമ്മിൽ നാലു കിലോമീറ്റർ മാത്രമാണു വ്യത്യാസം. ഇരുവരും യാക്കോബായ സഭാംഗങ്ങൾ.1982 ൽ പിറവം മണ്ഡലത്തിൽനിന്നു ജയിച്ചു നിയമസഭാ സാമാജികനായെങ്കിലും അടുത്ത തെരഞ്ഞെടുപ്പ് വിജയത്തിനായി 2011വരെ ബെന്നിക്കു കാത്തിരിക്കേണ്ടി വന്നു. 2004ൽ ഇടുക്കി ലോക്സഭാ സീറ്റിൽ മത്സരിച്ചെങ്കിലും തോറ്റു. 2011ൽ തൃക്കാക്കര മണ്ഡലത്തിൽനിന്നു 22000ത്തിൽ പരം വോട്ടിനായിരുന്നു ജയം.
ഉമ്മൻ ചാണ്ടി സർക്കാർ രൂപീകരണവേളയിൽ ബെന്നി ബഹനാന്റെ പേര് മന്ത്രിസ്ഥാനത്തേക്കു സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. മന്ത്രിയായിരുന്നില്ലെങ്കിലും ഉമ്മൻചാണ്ടി സർക്കാരിൽ ഏറ്റവും കരുത്തനായ എംഎൽഎയും പല നിർണായക നീക്കങ്ങളുടെയും ചാലകശക്തിയുമായിരുന്നു.
സോളാർ പോലുള്ള വിവാദങ്ങളിൽ ഉമ്മൻ ചാണ്ടി സർക്കാർ പെട്ടുപോയഘട്ടങ്ങളിലൊക്കെ പ്രതിരോധത്തിന്റെ കോട്ട തീർക്കാൻ ബെന്നി ബഹനാൻ മുന്നിൽനിന്നു. 2016ലെ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ നിലപാടിനെത്തുടർന്നു തൃക്കാക്കരയിലെ സിറ്റിംഗ് സീറ്റ് ലഭിച്ചില്ല. പകരം പി.ടി. തോമസ് തൃക്കാക്കരയിൽ മത്സരിച്ച് എംഎൽഎയായി.
പെരുന്പാവൂർ വെങ്ങോല മേപ്പറത്തുപ്പടി കുഞ്ഞുട്ടിക്കുടി ഒ. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും അഞ്ചുമക്കളിൽ ഇളയവനാണു ബെന്നി. സ്വാതന്ത്രസമരസേനാനിയായിരുന്ന പിതാവ് സജീവ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറിയായും എഐസിസി അംഗമായും പ്രവർത്തിച്ചിട്ടുള്ള ബെന്നി ബഹന്നാൻ കഐസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി എക്സിക്യൂട്ടീവ് മെന്പർ, തൃശൂർ ഡിസിസി പ്രസിഡന്റ്, വീക്ഷണം ദിനപത്രം എംഡി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബികോം ബിരുദധാരിയാണ്. ഷേർലിയാണ് ഭാര്യ. മക്കൾ: വീണ തോമസ്, വേണു തോമസ്.
“ആദ്യ പരിഗണന ലോക്സഭ തെരഞ്ഞെടുപ്പിന്’
കൊച്ചി: മുന്നണിക്കു 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ചവിജയം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ആദ്യ പരിഗണനയെന്നു പുതിയ യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ. പാർലമെന്റ് തെരഞ്ഞെടുപ്പ് പടിപ്പുറത്ത് എത്തിനിൽക്കേയാണു പാർട്ടി പുതിയചുമതല നൽകുന്നത്. പ്രമുഖരും അനുഭവസന്പന്നരുമായ നേതാക്കളാണു യുഡിഎഫിലുള്ളത്. അവരെല്ലാവരുമായി ചർച്ചചെയ്തു യുഡിഎഫിനെ ശക്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.